ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഡോക്‌ടർ ലളിതാംബിക. വിവാദമായ ഈ ശസ്‌ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയുമെന്ന് അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
താൻ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലായിരുന്നു ഇത്. അന്ന് യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് പറയപ്പെടുന്നത് സ്വാഭാവികമാണ്. അക്കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താൻ സജീവമായി ഇടപെട്ടിരുന്നു. കോവിഡ് ബാധിതരായ ഗർഭിണികളുടെ ചികിൽസയ്‌ക്കായിരുന്നു അന്ന് മുൻഗണന നൽകിയിരുന്നത്.
മൂന്നര കിലോ തൂക്കമുള്ളതും ക്യാൻസർ ആണോ എന്ന് സംശയമുള്ളതുമായ ഒരു ട്യൂമർ നീക്കം ചെയ്യാനാണ് പ്രസ്‌തുത രോഗിയെ അഡ്‌മിറ്റ് ചെയ്‌തത്. എന്നാൽ, ആ സമയത്ത് നടന്ന ഈ ശസ്‌ത്രക്രിയയിൽ താൻ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഡോക്‌ടർ പറഞ്ഞു. താൻ ഇന്നുവരെ ചികിൽസയ്‌ക്കായി രോഗികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഡോക്‌ടർ അവകാശപ്പെട്ടു.
ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. അഞ്ചുവർഷമായി കത്രിക ഉഷയുടെ വയറ്റിലാണ്. 2021 ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഉഷയ്‌ക്ക് ശസ്‌ത്രക്രിയ നടന്നിരുന്നു. ഇതിനിടെ കുടുങ്ങിയ കത്രികയാണ് ഇതെന്നാണ് പരാതി. എംആർഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്.
2021ൽ വയറ്റിൽ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്‌ത്രക്രിയക്ക് വിധേയയായത്. ഓപ്പറേഷന് ശേഷം തിടർച്ചയായി വേദന അനുഭവപ്പെട്ടുവെന്നും ആശുപത്രിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ കാര്യമാക്കിയില്ലെന്നും ഉഷയുടെ ബന്ധുക്കൾ പറയുന്നു. പിന്നാലെ ബ്ളീഡിങ്ങിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴാണ് ഉഷയ്‌ക്ക് എക്‌സ്‌റേയും സ്‌കാനിങ്ങും നിർദ്ദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട് ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച് ഉച്ചയ്‌ക്ക് മുൻപ് റിപ്പോർട് നൽകാൻ വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. അതേസമയം, ഉഷ ജോസഫിന്റെ ശസ്‌ത്രക്രിയ ഇന്ന് നടക്കും. കത്രികയുടെ സ്‌ഥാനം കണ്ടെത്തിയ ശേഷം സമയം നിശ്‌ചയിക്കും. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇന്ന് പരാതി നൽകുമെന്നും ഉഷയുടെ മകൻ ഷിബിൻ പറഞ്ഞു.
Most Read| വയനാട് ടൗൺഷിപ്പ്; ആദ്യഘട്ട താക്കോൽദാനം ബുധനാഴ്‌ച, 178 വീടുകൾ കൈമാറും






































