കോയമ്പത്തൂർ: സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച സൈനിക ഹെലികോപ്‌ടർ തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 11 ആയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പതിനൊന്ന് മൃതദേഹങ്ങൾ സംഭവ സ്‌ഥലത്ത് നിന്ന് കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു.
കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്‌ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്. ഇന്ത്യൻ വ്യോമസേനയുടെ എഫ്‌എംഐ- 17V എന്ന ഹെലികോപ്‌ടറിൽ ആയിരുന്നു യാത്ര. യാത്രാമധ്യേ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്ന കുന്നിൻ ചെരിവാണ് ഈ മേഖല.
ലാൻഡിങ്ങിന് 10 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്. തകർന്നയുടൻ തന്നെ ഹെലികോപ്‌ടർ കത്തിയമർന്നു. ഏകദേശം ഒന്നര മണിക്കൂർ സമയമെടുത്താണ് തീ അണക്കാൻ കഴിഞ്ഞതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഡെൽഹിയിൽ നിന്ന് ബിപിൻ റാവത്ത് അടക്കം ഒൻപത് പേരടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടിൽ എത്തിയത്. പിന്നീട് സുലൂരിൽ നിന്ന് അഞ്ച് പേർ കൂടി കയറി. റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലെഫ്‌റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവിൽദാർ സത്‌പാൽ എന്നിവരും ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നു.
റാവത്തിനെ വില്ലിങ്‌ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. എസ്‌റ്റേറ്റിലെ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. ഹെലികോപ്‌ടറിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എസ്‌റ്റേറ്റിലെ തൊഴിലാളികൾ ആദ്യം വെള്ളമൊഴിച്ച് തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് വില്ലിങ്‌ടണിലെ സൈനിക ക്യാംപിൽ നിന്ന് സൈനികർ എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി.
അപകടത്തിൽ റാവത്തിന്റെ ഭാര്യ ഉൾപ്പടെ 11 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്. എന്നാൽ, മരണസംഖ്യ എത്രയാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണം പുറത്തുവന്നിട്ടില്ല. പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കാൻ കോയമ്പത്തൂരിൽ നിന്ന് വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘവും ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Also Read: ഫാത്തിമയുടെ മരണം; അന്വേഷണം വേഗത്തിലാക്കാമെന്ന് സ്‌റ്റാലിൻ ഉറപ്പ് നൽകിയതായി പിതാവ്