തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് കരകയറാനാകാതെ സംസ്ഥാനം പ്രതിസന്ധിയിലാണ്. മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനിടെ കോവിഡ് വകഭേദങ്ങൾ ഉയർത്തുന്ന ആശങ്കയും ചെറുതല്ല. ഈ ഭീതികൾക്കിടെ കുട്ടികൾക്കിടയിൽ ‘മള്‍ട്ടി ഇന്‍ഫ്ളമറ്റേറി സിന്‍ഡ്രോം’ (മിസ്ക്) പിടിപെടുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. മിസ്ക് ബാധിച്ച നാല് കുട്ടികളുടെ മരണം സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഒന്നര വർഷത്തിനിടെ മുന്നൂറോളം കുട്ടികൾക്കാണ് മിസ്ക് പിടിപെട്ടത്. ഇതിൽ 95 ശതമാനം കുട്ടികളും കോവിഡ് ബാധിതരായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കോവിഡ് ബാധിച്ചതിന് ശേഷമാണ് മിസ്ക് ബാധയുണ്ടാകുന്നത്. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ചികിൽസ തേടണമെന്നാണ് നിർദ്ദേശം. നീണ്ടുനിൽക്കുന്ന പനി, വയറുവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവന്ന് തടിച്ച പാടുകൾ, കണ്ണിലെ ചുവപ്പ്, ഹൃദയമിടിപ്പിലെ വേഗത തുടങ്ങിയ ലക്ഷണങ്ങളാണ് മിസ്ക് ബാധിതരിൽ സാധാരണയായി കാണപ്പെടുന്നത്.
മിസ്ക് ചികിൽസക്കായി ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകി വരികയാണ്. ഈ രോഗബാധയിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അനാവശ്യമായ ആശങ്ക ഒഴിവാക്കണമെന്ന് ഐഎംഎ സമൂഹമാദ്ധ്യമ വിഭാഗം മേധാവി നാഷണൽ കോർഡിനേറ്റർ ഡോ.സുൾഫി നൂഹ് അറിയിച്ചു.
ആലപ്പുഴ പട്ടണക്കാട് സ്വദേശികളായ വിനോദിന്റെയും വിദ്യയുടെയും ഏഴ് വയസുകാരനായ മകൻ അദ്വൈതിന്റെ മരണം മിസ്ക് ബാധ മൂലമായിരുന്നു. ജൂലൈ 24 മുതലാണ് കുട്ടിയിൽ മിസ്കിന്റെ ലക്ഷണങ്ങൾ കണ്ടത്. എന്നാൽ ആദ്യം ചികിൽസ തേടിയ ആശുപത്രികളിൽ രോഗം തിരിച്ചറിയാനായില്ല. പിന്നീട് തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റിയപ്പോഴേക്കും ആരോഗ്യനില വഷളായിരുന്നു. നേരത്തെ ശരിയായ ചികിൽസ ലഭിച്ചിരുന്നെങ്കിൽ മകനെ നഷ്ടപ്പെടില്ലായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. ഈ മാസം ഒന്നിനായിരുന്നു അദ്വൈതിന്റെ മരണം.
വാക്സിനേഷൻ ഇല്ലാത്തതിനാൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് നിരന്തരം ഓർമിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പരമാവധി രോഗബാധ കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. മാസ്ക് ധരിക്കുക, ഇടവിട്ട് കൈകള്‍ ശുചിയാക്കുക, ആൾകൂട്ടം ഒഴിവാക്കുക എന്നിങ്ങനെ കോവിഡ് പ്രതിരോധത്തിനായി പൊതുവില്‍ അവലംബിക്കുന്ന കാര്യങ്ങളാണ് കുട്ടികളുടെ കാര്യത്തിലും ചെയ്യാനുള്ളത്. ഇവ കൃത്യമായി പിന്തുടരാന് കഴിവതും ശ്രമിക്കുക തന്നെ വേണം.
Also Read: കോവിഡ് വന്ന് പോയവരിൽ കോവാക്സിന്റെ ഒറ്റ ഡോസ് ഫലപ്രദമെന്ന് പഠനം