തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പിവി അൻവർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയയുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്‌ക്ക് 12 മണിക്കാണ് കൂടിക്കാഴ്‌ച. ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ അൻവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കൂടിക്കാഴ്‌ചക്കായി ഇന്നലെ തന്നെ പിവി അൻവർ തിരുവനന്തപുരത്ത് എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ക്രമസമാധാന ചുതലയുള്ള എഡിജിപി എംആർ അജിത് കുമാർ, പത്തനംതിട്ട എസ്‌പി എസ് സുജിത് ദാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. ആരോപണങ്ങൾക്ക് പിന്നാലെ എംആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആരോപണവിധേയനായ എഡിജിപിയെ മാറ്റിനിർത്തിയുള്ള അന്വേഷണം ഉണ്ടാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. അന്വേഷണത്തിനായി ഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ ഇന്നലെ രാത്രിയോടെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആരോപണ വിധേയനായ പത്തനംതിട്ട എസ്‌പി എസ് സുജിത് ദാസിനെ സ്‌ഥലം മാറ്റുകയും ചെയ്‌തു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ എഡിജിപിയെ മാറ്റിനിർത്തിയുള്ള അന്വേഷണം അൻവർ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കൂടിക്കാഴ്‌ചക്ക് ശേഷം അൻവർ എംഎൽഎ മാദ്ധ്യമങ്ങളെ കാണും. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ചോർത്തുന്നു. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്ന് സ്വർണക്കടത്ത് കച്ചവടം നടത്തുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് അദ്ദേഹത്തിന്റെ റോൾ മോഡലെന്നും അൻവർ ആരോപിച്ചിരുന്നു.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം