കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ഡ്രൈ ക്ളീനിങ് സെന്ററിൽ മോഷണം. മുൻ മേയറും കോഴിക്കോട് നോർത്ത് എംഎൽഎയുമായ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ക്ളീൻ എന്ന ഡ്രൈ ക്ളീനിങ് സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. സ്ഥാപനത്തിന്റെ മേൽക്കൂരയിലുള്ള ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കീറിയാണ് മോഷ്ടാവ് അകത്തേക്ക് കയറിയത്.
മോഷ്ടാവ് പൂർണമായും നഗ്നനായിരുന്നു. കടയിൽ കയറി ഏറെ നേരം പരതിയെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്ന് ഡ്രൈ ക്ളീനിങ് ചെയ്ത വസ്ത്രങ്ങൾ സൂക്ഷിച്ച ഭാഗത്തേക്ക് പോകാനുള്ള ഇരുമ്പ് വാതിൽ തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു. ഒടുവിൽ പഴയ തുണിക്കെട്ടും എടുത്ത് കള്ളൻ സ്ഥലം വിടുകയാണ് ചെയ്തത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോഷ്ടാവിന്റെ തോളിൽ ഒരു ബാഗുണ്ട്. ഈ സ്ഥാപനത്തിന്റെ സമീപത്തുള്ള ഐഎൻടിയുസി ഓഫിസിലും കള്ളൻ കയറിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: കോവിഡ് കുറയുന്നു; ഗുജറാത്തിൽ രാത്രി കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ്


































