പാലക്കാട്: ജില്ലയിലെ നെല്ലിയാമ്പതി റേഞ്ചിലെ വനം മേഖലയിൽ നിന്ന് മ്ളാവ് വേട്ട നടത്തിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. മലപ്പുറം നിലബൂർ ചോക്കോട് സ്വദേശി റസ്സൽ (47), കരുവാരകുണ്ട് സ്വദേശി ജംഷീർ (33) എന്നിവരാണ് പിടിയിലായത്. കേസിലെ പ്രതികളായ പൂക്കോട്ടുംപാടം സ്റ്റേഷനിലെ പോലീസുകാരൻ ഷാഫി, കരുവാരക്കുണ്ട് സ്വദേശികളായ ഉമ്മർ, മന്നാൻ, സഹദ് എന്നിവർ ഒളിവിലാണ്.
പോത്തുണ്ടി സെക്ഷനു കീഴിലുള്ള തളിപ്പാടത്തിന് അടുത്തുള്ള വനമേഖലയിൽ നിന്ന് ജൂൺ 11 നാണ് ഇവർ മ്ളാവനെ വെടിവച്ച് കൊന്നത്. ഈ ഭാഗത്ത് മ്ളാവിന്റെ തലയും ആന്തരിക അവയവങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. വേട്ടയാടാൻ ഉപയോഗിച്ച തോക്ക്, കാർ, ബൈക്ക് എന്നിവയുൾപ്പെടെ പ്രതികളിൽ നിന്ന് കണ്ടെടുത്തു.
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖല കേന്ദ്രീകരിച്ച് മൃഗങ്ങളെ വേട്ടയാടി മാംസ വിൽപന നടത്തിവരുന്ന സംഘമാണ് ഇവരെന്ന് നെൻമാരാ ഡിഎഫ്ഒ ആർ ശിവപ്രസാദ് പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Read Also: തീവ്രവാദ ഫണ്ടിങ് കേസ്; ജമ്മു കശ്മീരില്‍ 6 പേര് അറസ്റ്റില്‍







































