കൊച്ചി: ആലുവയിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരാണ് കേസിലെ പ്രതികൾ. എന്നാൽ കേസിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അതിനാൽ ഇപ്പോൾ ജാമ്യം അനുവദിക്കരുത് എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കും.
അതേസമയം, കേസിൽ തങ്ങൾ കുറ്റക്കാരല്ലെന്നും പോലീസിന്റെ മോശം പെരുമാറ്റം കാരണമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നുമാണ് പ്രതികളുടെ വാദം.
നവംബർ 23നാണ് ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീൺ തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും ഇയാളുടെ മാതാപിതാക്കൾക്കും സിഐയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയ ഉന്നയിച്ചിരുന്നത്. തുടർന്ന് മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read: മുല്ലപ്പെരിയാറില്‍ പുതിയ ഡാം; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം








































