ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആംഫോടെറിസിന്‍-ബി മരുന്നിന്റെ വിതരണം കൂട്ടി കേന്ദ്രം. 19,420 അധിക വയൽ ആംഫോടെറിസിന്‍-ബിയാണ് വിവിധ സംസ്ഥാനങ്ങൾക്കായി അനുവദിച്ചത്. നിലവിൽ കേരളം ഉൾപ്പടെ 22 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് ബ്ളാക്ക് ഫംഗസിനെതിരെ ഉപയോഗിക്കുന്ന മരുന്നിന്റെ അധിക വിഹിതം ലഭിക്കുക.
കഴിഞ്ഞ 2 ആഴ്ച കൊണ്ടാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8000ൽ അധികം ആളുകൾക്ക് ബ്ളാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ബ്ളാക്ക് ഫംഗസ് ബാധ ഏറ്റവും കൂടുതലായ ഗുജറാത്തിനും മഹാരാഷ്ട്രക്കും നാലായിരത്തിലധികം കുപ്പി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 20,000ൽ അധികം കുപ്പി മരുന്ന് സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിന് പിന്നാലെയാണിത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് രാജ്യത്ത് ബ്ളാക്ക് ഫംഗസ് ബാധയും സ്ഥിരീകരിച്ചത്. നിലവിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ബ്ളാക്ക് ഫംഗസ് ബാധിതരുള്ളത് ഇന്ത്യയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ രോഗ പ്രതിരോധത്തിനായി പലരും സിങ്ക് ഗുളികകൾ ഉൾപ്പടെ പലതരം മരുന്നുകൾ കഴിച്ചിട്ടുണ്ട്. സ്റ്റിറോയിഡുകൾക്കും, പ്രമേഹത്തിനും പുറമെ ഇതും ബ്ളാക്ക് ഫംഗസ് വ്യാപനം ഉയരാൻ കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
Read also : ‘സത്യം ഭയമില്ലാതെ തുടരും’; ടൂൾ കിറ്റ് കേസിൽ രാഹുൽ ഗാന്ധി







































