തിരുവനന്തപുരം: ജില്ലയിലെ സിഇടി എഞ്ചിനിയറിങ് കോളേജിലെ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 85 വിദ്യാർഥികൾക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. കോവിഡ് ക്ളസ്റ്ററായ സിഇടി എഞ്ചിനിയറിങ് കോളേജിൽ ഇന്നലെയാണ് 51 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ കുട്ടികളിൽ രോഗബാധ ഉണ്ടായത്.
കോളേജിലെ 100ഓളം കുട്ടികൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കോളേജ് അടക്കുകയും, വിദ്യാർഥികളിൽ കൂട്ട പരിശോധന നടത്തുകയും ചെയ്തു. 497 സാംപിളുകൾ പരിശോധിച്ചതിൽ 146 പേരുടെ ഫലം വന്നപ്പോഴാണ് 136 പേരിൽ രോഗബാധ കണ്ടെത്തിയത്. നിലവിൽ കോളേജിൽ പരീക്ഷകൾ നടക്കുന്നുണ്ട്. ഇത്രയധികം പേർക്ക് രോഗമുണ്ടായപ്പോഴും പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികൾക്കിടയിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്.
കൂടാതെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പിജി ഹോസ്റ്റൽ അടച്ചു. ഹോസ്റ്റലിൽ കോവിഡ് ക്ളസ്റ്റർ രൂപപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇന്ന് മുതൽ രണ്ടാഴ്ചത്തേക്കാണ് ഹോസ്റ്റൽ അടച്ചത്. രണ്ടാഴ്ചക്കാലം പിജി ക്ളാസുകൾ ഓൺലൈനായി നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Read also: ‘മുഖ്യമന്ത്രിക്ക് എതിരെയും കേസെടുക്കണം’; ബിജെപി നേതാവ് രംഗത്ത്







































