കോഴിക്കോട്: പേരാമ്പ്രയിൽ പ്രവാസി വ്യവസായിയെ സ്‌ഥാനാർഥി ആക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് മണ്ഡലം നേതാക്കൾ കൂട്ടത്തോടെ പാണക്കാട്ടെത്തി. സജീവ പാർട്ടി പ്രവർത്തകൻ ആയിരിക്കണം സ്‌ഥാനാർഥി എന്നാണ് ഇവരുടെ ആവശ്യം.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്‌പി കുഞ്ഞമ്മദ്, നിയോജകമണ്ഡലം പ്രസിഡണ്ട് ആർകെ മുനീർ, ജനറൽ സെക്രട്ടറി പികെ ലത്തീഫ്, വൈസ് പ്രസിഡണ്ട് ആവള ഹമീദ്, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സയ്യിദ് അലി തങ്ങൾ പാലേരി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ പാണക്കാട്ടെത്തിയത്. ജില്ലാകമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, മുസ്‌ലിം യൂത്ത് ലീഗ് നേതാക്കൾ എന്നിവരടക്കം 30ഓളം പേരുണ്ടായിരുന്നു.
സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായും മറ്റും നേതാക്കളുമായും ചർച്ച നടത്തി. സ്‌ഥാനാർഥിയായി പ്രവാസി വ്യവസായിയെ അംഗീകരിക്കില്ലെന്നും സജീവ പാർട്ടി നേതാവുതന്നെ സ്‌ഥാനാർഥിയായി വരണമെന്നും മണ്ഡലം നേതാക്കൾ സംസ്‌ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
എന്നാൽ സ്‌ഥാനാർഥിയുടെ കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. നേരത്തേ നാലു പേരുകൾ മണ്ഡലം നേതൃത്വം മുന്നോട്ടു വെച്ചിരുന്നു. പിഎസ്‌സി മുൻ അംഗം ടിടി ഇസ്‌മായിൽ, എവി അബ്‌ദുള്ള, എംഎസ്എഫ് മുൻ സംസ്‌ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് എന്നിവരുടെ പേരുകളാണ് നേരത്തേ പരിഗണിച്ചത്.
എന്നാൽ അതിനിടെയാണ് ലീഗ് സംസ്‌ഥാന നേതൃത്വം പ്രവാസി വ്യവസായിയെ സ്‌ഥാനാർഥിയാക്കാൻ നീക്കം നടത്തിയത്. പിന്നീട് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് പരിഗണിച്ച് സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാതെ മാറ്റിവെക്കുക ആയിരുന്നു.
Also Read: നന്ദകുമാറിനെ വിയർപ്പിക്കാൻ എഎം രോഹിത്; പോരാട്ടവീര്യമുള്ള യുവരക്‌തം







































