തിരുവനന്തപുരം: രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കും. സിപിഐഎം എസ്എഫ്ഐയെ തള്ളിപ്പറയുന്നത് വിരോധാഭാസവും മുഖം രക്ഷിക്കാനുള്ള നടപടിയുമാണെന്നും കെ സുധാകരൻ പറഞ്ഞു.
സിപിഐഎം തിരക്കഥ പ്രകാരമാണ് നിലവിലെ പോലീസ് നടപടി. പ്രതിപട്ടികയിൽ ഉള്ളവരെ രക്ഷിക്കാൻ നിയമസഹായം ഉറപ്പാക്കിയ ശേഷമാണ് പാർട്ടി ആക്രമണത്തെ അപലപിക്കുന്നത്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിന്റെ സാന്നിധ്യം കേസിൽ ഗൗരവം വർധിപ്പിക്കുകയാണ്. നേതൃത്വത്തിന്റെ ആശീർവാദത്തോടെ ആണ് ആക്രമം നടന്നത്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തിയത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ആളെ കൊല്ലുകയും കൊന്നവർക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സിപിഐഎമ്മിന്റെ പാരമ്പര്യമാണ്. പോലീസിന്റെ നിഷ്‌പക്ഷ അന്വേഷണം കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല. രാഹുൽഗാന്ധിയെ അപകീർത്തിപ്പെടുത്തി ബിജെപിയുടെ പ്രീതി സമ്പാദിക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ബഫർസോൺ വിഷയത്തിൽ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് പൊതുജനത്തിന് ബോധ്യമായെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ബഫർസോണിന് അനുകൂലമായ നടപടിയാണ് സ്വീകരിച്ചത്. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകുന്നതിനും സർക്കാരിന് രണ്ട് പക്ഷമാണ്. ഈ വിഷയത്തിൽ രാഹുൽഗാന്ധിയുടെയും കോൺഗ്രസിന്റെയും ഇടപെടലുകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ദുരിതത്തെ സിപിഐഎം ചൂഷണം ചെയ്യുകയാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Most Read: അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യത; അലർട്ടുകൾ പ്രഖ്യാപിച്ചു