കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി നാളെ. പ്രതിയായ ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന് എന്ത് ശിക്ഷയാണ് ലഭിക്കുകയെന്ന ആകാംക്ഷയിലാണ് കേരളം. വധശിക്ഷ കിട്ടിയേക്കാവുന്ന നാല് കുറ്റങ്ങളാണ് അതിവേഗ വിചാരണയിലൂടെ തെളിഞ്ഞത്. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന നാല് കുറ്റങ്ങൾ വേറെയും തെളിയിക്കാൻ പ്രോസിക്യൂഷനായിട്ടുണ്ട്.
കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ബലാൽസംഗ കൊലപാതകത്തിൽ എറണാകുളം പോക്സോ കോടതി നാളെ രാവിലെയാണ് വിധി പറയുക. പ്രതി കൃത്യം നടപ്പിലാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് കുട്ടിയെ പ്രതി മറവ് ചെയ്തത്. അത്യന്തം മനുഷ്യത്വ വിരുദ്ധമായാണ് മൃതദേഹം മറവ് ചെയ്തത്. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു കുട്ടിയെ പീഡിപ്പിച്ച പ്രതി വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കൊലപാതകം, ബലാൽസംഗം, പോക്സോ കുറ്റങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നിവയുൾപ്പടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും കോടതിയിൽ തെളിഞ്ഞിരുന്നു. വധശിക്ഷ വിധിക്കാവുന്ന മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിച്ചത്.
ജൂലൈ 28നായിരുന്നു കേരളത്തെ ഞെട്ടിച്ച ദാരുണസംഭവം നടന്നത്. ആലുവ തായിക്കാട്ടുകരയിൽ നിന്ന് കാണാതായ ബീഹാർ സ്വദേശിയായ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 29ന് രാവിലെ ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ളാന്റിനോട് ചേർന്ന് പുഴയോരത്ത് ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ലഹരിക്കടിമയായ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസിൽ നടന്നു. കേസിൽ വേഗത്തിൽ അന്വേഷണം പൂത്തിയാക്കിയ പോലീസ് 30 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ചു അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
Most Read| വിവാദ പ്രസ്താവന; ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രിയെ പുറത്താക്കി ഋഷി സുനക്