ബെംഗളൂരു: മൈസൂരുവിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി.
അറസ്‌റ്റ് ചെയ്‌ത് ജയിലിലായ ശേഷം പ്രതികളെ ജാമ്യത്തിലിറങ്ങാൻ അനുവദിക്കരുത്. ഇത്തരം നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അതിക്രമങ്ങൾ തടയാനാകില്ല. കർണാടക പോലീസ് ഹൈദരാബാദ് പോലീസിന്റെ നടപടി മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു.
ഹൈദരാബാദിൽ വെറ്റിനറി ഡോക്‌ടറെ ബലാൽസംഗം ചെയ്യുകയും ശേഷം പെൺകുട്ടിയെ തീകൊളുത്തി കൊല്ലുകയും ചെയ്‌ത പ്രതികളെ 2019ൽ തെലങ്കാന പോലീസ് വെടിവെച്ച് കൊന്നിരുന്നു. തെളിവെടുപ്പിന് എത്തിച്ച സമയത്ത് പ്രതികൾ രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നായിരുന്നു പോലീസ് വിശദീകരണം.
മൈസൂരു സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തതിൽ സർക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയാണ്. അതേസമയം, കേസിൽ മലയാളി വിദ്യാർഥികളെയടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൈസൂരിലെ മലയാളി വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്ന സൂചന പോലീസിന് ലഭിച്ചത്. മൈസൂർ സർവകലാശാലയിലെ മൂന്നു മലയാളി വിദ്യാര്‍ഥികളിലേക്കും ഒരു തമിഴ്‌നാട് സ്വദേശിയിലേക്കുമാണ് കേസ് അന്വേഷണം എത്തി നിൽക്കുന്നതെന്ന് സോണല്‍ ഐജി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Also Read: വീണ്ടും ഓൺലൈൻ ചതി; മലപ്പുറത്തെ വ്യാപാരിക്ക് നഷ്‌ടമായത് 5000 രൂപ









































