വീണ്ടും ഓൺലൈൻ ചതി; മലപ്പുറത്തെ വ്യാപാരിക്ക് നഷ്‌ടമായത് 5000 രൂപ

By News Desk, Malabar News
Ajwa Travels

മലപ്പുറം: സംസ്‌ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പുകാർ സജീവമാകുന്നു. ലോക്ക്‌ഡൗൺ കാലത്ത് ഓൺലൈൻ ഷോപ്പിങ് കൂടുതൽ പ്രചാരം നേടിയതോടെ തട്ടിപ്പുകാരുടെ എണ്ണവും കൂടിവരികയാണ്. ഷോപ്പിങ് നടത്തുന്നവർ മാത്രമല്ല കച്ചവടക്കാർക്കും ചതി പറ്റാറുണ്ട്. മലപ്പുറം വേങ്ങരയിലെ യുവവ്യാപാരിക്ക് പറയാനുള്ളതും സമാനമായ അനുഭവം തന്നെ.

തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ നിന്ന് ഓർഡർ ചെയ്‌ത സാധനം അയച്ചുകൊടുത്തത് വഴി വേങ്ങരയിലെ യുവവ്യാപാരി മുഖ്‌താറിന് നഷ്‌ടമായത് 5,000 രൂപയാണ്. ഓർഡർ നൽകിയ സാധനത്തിന് കൂടുതൽ പണമയച്ചെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

കരകൗശല വസ്‌തുക്കൾ വിൽക്കുന്ന കട നടത്തുകയാണ് മുഖ്‌താർ. ക്രാഫ്‌റ്റ്‌ ആൻഡ് ക്രിയേഷൻസ് എന്ന പേരിൽ ഇൻസ്‌റ്റഗ്രാമിൽ ഒരു പേജും മുഖ്‌താറിനുണ്ട്. ഈ പേജ് വഴിയാണ് തട്ടിപ്പുകാരൻ എത്തിയത്. 250 രൂപയുടെ സാധനം ഓർഡർ ചെയ്‌ത ശേഷം രാജസ്‌ഥാനിലെ ഒരു അഡ്രസും നൽകി. കുറച്ച് സമയത്തിന് ശേഷം സാധനത്തിന്റെ വിലയേക്കാൾ കൂടുതൽ പണം അബദ്ധത്തിൽ അയച്ചെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. 5000 രൂപ അയച്ചതിന്റെ ‘രേഖ’ കാണിച്ചതോടെ സംശയം ഒന്നും തോന്നിയില്ല.

5,000 രൂപ തിരികെ അയച്ചുകൊടുത്തു. പിന്നീടാണ് കബളിക്കപ്പെട്ടുവെന്ന് മനസിലായത്. ഓർഡർ ചെയ്‌ത സാധനം അയക്കാൻ തട്ടിപ്പുകാരൻ നൽകിയ വിലാസവും വ്യാജമായിരുന്നു. ഇല്ലാത്ത അഡ്രസിലേക്ക് കൊറിയർ ചാർജ് ഉൾപ്പടെയാണ് മുഖ്‌താർ സാധനം അയച്ചത്.

തട്ടിപ്പിനിരയായ വിവരം തന്റെ ഇൻസ്‌റ്റഗ്രാം പേജ് വഴി മുഖ്‌താർ പുറത്തുവിട്ടിരുന്നു. വിവരമറിഞ്ഞ് എത്തിയവരിൽ പലർക്കും പറയാനുള്ളത് ഇതേ അനുഭവം തന്നെ. ഓൺലൈൻ ആയി ബിസിനസ് നടത്തുന്നവരെ തേടിയാണ് തട്ടിപ്പുകാർ എത്തുന്നത്. ലോക്ക്‌ഡൗൺ ആയതോടെ തട്ടിപ്പുകാർ കൂടുതൽ ആത്‌മവിശ്വാസത്തോടെയാണ് രംഗത്തെത്തുന്നത്. കേരള പോലീസും സർക്കാരും ഇതിനെതിരെ നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

പണമിടപാടുകൾ നടത്തുമ്പോൾ ബാങ്ക് അക്കൗണ്ട് ചെക്ക് ചെയ്‌ത് സ്‌ഥിരീകരിക്കുക. അല്ലെങ്കിൽ അതാത് ബാങ്കുകളെ ബന്ധപ്പെട്ട് വിവരം അന്വേഷിക്കുക എന്നതാണ് അധികൃതർ നൽകുന്ന പ്രധാന നിർദ്ദേശം.

Also Read: രോഗവ്യാപനം ഉയരുന്നു; കേരളത്തിന് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE