ന്യൂഡെൽഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ. എൻഡിഎ പാർലമെന്ററി പാർട്ടി യോഗം രാവിലെ ചേരും. യോഗത്തിൽ നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കും. യോഗത്തിന് ശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
എൻഡിഎയിലെ നിർണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാർ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്‌ട്രപതിയെ കാണുമെന്നാണ് സൂചന. ആർക്കൊക്കെ മന്ത്രി സ്‌ഥാനങ്ങൾ നൽകണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തിൽ നിന്നുള്ള ഏക എംപി സുരേഷ് ഗോപിയെയും തിരുവനന്തപുത്ത് രണ്ടാം സ്‌ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.
അതിനിടെ, സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയുള്ള മന്ത്രിസ്‌ഥാനം നൽകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. തെലുങ്കുദേശം പാർട്ടിക്ക് മൂന്ന് കാബിനറ്റ് പദവിയുൾപ്പടെ അഞ്ച് മന്ത്രി സ്‌ഥാനങ്ങളും സ്‌പീക്കർ സ്‌ഥാനവും നൽകാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. ജെഡിയുവിന് രണ്ടു കാബിനറ്റ് പദവിയും സഹമന്ത്രി സ്‌ഥാനവും ബിഹാറിന് പ്രത്യേക പദവിയും നൽകിയേക്കും.
എൻഡിഎ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, സംസ്‌ഥാന പ്രസിഡണ്ടുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക് നടക്കുമെന്നാണ് സൂചന. നേരത്തെ എട്ടിന് സത്യപ്രതിജ്‌ഞ നടത്താനായിരുന്നു തീരുമാനം.
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡണ്ട് റെനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹാൽ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജെയ്‌ക്ക് സള്ളിവൻ തുടങ്ങിയ ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഞായറാഴ്‌ച രാവിലെ രാഷ്‌ട്രപതി ഭവനിൽ വെച്ച് ചടങ്ങ് നടത്താനുള്ള സാധ്യതയും ബിജെപി പരിഗണിക്കുന്നുണ്ട്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ