ന്യൂഡെൽഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ തുടരുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്രമോദിയെ എൻഡിയെ നേതാവായി അംഗീകരിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളായ അമിത് ഷായും ഗഡ്‌കരിയും നിർദ്ദേശത്തെ പിന്തുണച്ചു.
തുടർന്ന് നടന്ന പ്രസംഗത്തിൽ മോദിയെ പ്രശംസിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി. കഴിഞ്ഞ മൂന്നുമാസമായി നരേന്ദ്രമോദി വിശ്രമിച്ചിട്ടില്ലെന്നും ഇന്ത്യക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുരേഷ് ഗോപിയോട് കേന്ദ്രമന്ത്രി ആകണമെന്ന് നേതൃത്വം നിർദ്ദേശിച്ചതായാണ് സൂചന.
നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി മന്ത്രിസഭയിലേക്ക് സുരേഷ് ഗോപി എത്തുമെന്നാണ് വിവരം. മോദിക്കൊപ്പം ഞായറാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തേക്കും. അതേസമയം, നിർമല സീതാരാമൻ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് സൂചന. തുടർച്ചയായി മൂന്നാം തവണയാണ് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്‌ചയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ.
യോഗത്തിന് ശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. എൻഡിഎയിലെ നിർണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാർ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്‌ട്രപതിയെ കാണുമെന്നാണ് സൂചന.
തെലുങ്കുദേശം പാർട്ടിക്ക് മൂന്ന് കാബിനറ്റ് പദവിയുൾപ്പടെ അഞ്ച് മന്ത്രി സ്‌ഥാനങ്ങളും സ്‌പീക്കർ സ്‌ഥാനവും നൽകാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. ജെഡിയുവിന് രണ്ടു കാബിനറ്റ് പദവിയും സഹമന്ത്രി സ്‌ഥാനവും പ്രത്യേക പദവിയും നൽകിയേക്കും.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ