ന്യൂഡെൽഹി: എൻഡിഎ യോഗത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് നേതാക്കളുടെ പിന്തുണക്കത്ത് കൈമാറി. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്‌ട്രപതി ക്ഷണിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെ സന്ദർശിച്ച ശേഷമാണ് മോദി രാഷ്‌ട്രഭവനിലെത്തിയത്.
സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വീട്ടിൽ യോഗം ചേർന്നു. രാജ്‌നാഥ് സിങ്, ജയന്ത് ചൗധരി, പ്രഫുൽ പട്ടേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി മോദിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തിരുന്നു. ഞായറാഴ്‌ച വൈകിട്ട് ആറുമണിക്കായിരിക്കും സത്യപ്രതിജ്‌ഞ.
മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളടക്കം ഏതാനും മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളായ അമിത് ഷായും ഗഡ്‌കരിയും നിർദ്ദേശത്തെ പിന്തുണച്ചു.
ബ്രേക്കിങ് ന്യൂസുകളുടെ അടിസ്‌ഥാനത്തിലാവില്ല, വികസനത്തിന്റെ ലക്ഷ്യത്തിലാണ് രാജ്യം മുന്നോട്ട് പോവുകയെന്ന് മോദി യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം ട്രെയിലർ മാത്രമാണ്. പുതിയ ഇന്ത്യ (ന്യൂ ഇന്ത്യ-N), വികസിത ഇന്ത്യ (ഡെവലപ്പ്ഡ് ഇന്ത്യ- D), അഭിലാഷ് ഇന്ത്യ (ആസ്‌പിരേഷണൽ ഇന്ത്യ- A ) എന്ന് എൻഡിഎയ്‌ക്ക് പുതിയ നിർവചനവും മോദി നൽകി.
പാവപ്പെട്ടവർ, സ്‌ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കൊപ്പം മധ്യവർഗക്കാരുടെ ജീവിതനിലവാരം ഉയർത്താനും പദ്ധതികൾ ഉണ്ടാവും. മൂന്നാം എൻഡിഎ സർക്കാർ അതിവേഗം വികസനം കൊണ്ടുവരും. രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്‌തിയാക്കും. മൽസരാധിഷ്‌ഠിത സഹകരണ ഫെഡറലിസം നടപ്പാക്കുമെന്നും മോദി പറഞ്ഞു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ