കാസർഗോഡ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സ്‌ഥലം ഏറ്റെടുത്തതോടെ തെരുവത്ത് എയുപി സ്‌കൂളിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി. കാഞ്ഞങ്ങാട് കുളിയങ്കാലിൽ സ്‌ഥിതി ചെയ്യുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയപാതക്ക് വേണ്ടി പൊളിക്കേണ്ടി വന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. വികസനത്തിനായി രണ്ട് ക്ളാസ് മുറികളാണ് തകർത്തത്. ഇതോടെ സ്‌ഥല പരിമിതിയിൽ നട്ടംതിരിയുകയാണ് വിദ്യാർഥികളും അധികൃതരും.
ദേശീയ പാതക്ക് സ്‌ഥലം ഏറ്റെടുത്തതോടെ മൈതാനം പോയിട്ട് മുറ്റം എന്ന് പറയാൻ പോലും ഇവിടെ സ്‌ഥലസൗകര്യമില്ല. റോഡ് നിർമാണം കഴിഞ്ഞാൽ സ്‌കൂൾ കെട്ടിടത്തിന്റെ മുട്ടിയുരുമ്മിയെന്നോണമാകും സർവീസ് റോഡ് ഉണ്ടാവുക. ഇത് കുട്ടികളുടെ സുരക്ഷക്കും വെല്ലുവിളിയാണ്. ക്ളാസ് മുറികൾ പണിയാനുള്ള അസൗകര്യം സ്‌കൂൾ മാനേജ്‌മെന്റിന് കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്. ഇതോടെ സ്‌കൂൾ സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി.
സ്‌കൂൾ ഇവിടെ നിന്ന് മറ്റൊരു സ്‌ഥലത്തേക്ക് മാറ്റി സ്‌ഥാപിക്കാനുള്ള ആലോചനകളാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. എന്നാൽ, മറ്റൊരു സ്‌ഥലം വാങ്ങി സ്‌കൂൾ ആരംഭിക്കാനുള്ള സാമ്പത്തിക ബാധ്യത താങ്ങാൻ മാനേജ്‌മെന്റിന് സാധിക്കില്ലെന്നാണ് മാനേജരായ കെവി നാരായണൻ പറയുന്നത്. ഇതിനാൽ തന്നെ സർക്കാർ സ്‌കൂൾ ഏറ്റെടുക്കുക മാത്രമാണ് പോംവഴി. 1962ൽ ആണ് ഈ സ്‌കൂൾ ആരംഭിച്ചത്. നിലവിൽ 134 കുട്ടികൾ പടിക്കുന്നുണ്ട്.
Most Read: പലായനം രൂക്ഷം; 12 ദിവസം കൊണ്ട് യുക്രൈനിൽ 20 ലക്ഷം അഭയാർഥികൾ