കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി ഒരുക്കുന്ന ആന്തോളജി ചിത്രം ‘നവരസ‘യിലെ ഗൗതം മേനോന്‍-സൂര്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ‘നവരസ’ സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഹിറ്റ് ചിത്രമായ ‘വാരണം ആയിര’ത്തിനു ശേഷം സൂര്യയും ഗൗതം മേനോനും ഒരിക്കല്‍ക്കൂടി ഒന്നിക്കുകയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതുകൊണ്ടു തന്നെ ഏറെ ആകാംക്ഷയിലാണ് ആരാധകര്‍. സിനിമയില്‍ ഒരു പുതിയ ഗെറ്റപ്പിലായിരിക്കും സൂര്യ എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പിസി ശ്രീറാമാണ് തന്റെ ട്വിറ്ററിലൂടെ ചിത്രീകരണ വാര്‍ത്ത അറിയിച്ചത്. ‘ഗ്രേറ്റ് എനര്‍ജി ഓണ്‍ സെറ്റ്‌സ് ടുഡേ!’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ‘പുത്തന്‍ പുതു കാലേയ്’ എന്ന നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്‌ത ആന്തോളജി സിനിമയില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്‌ത ‘അവരും നാനും/ അവളും നാനും’ എന്ന ചിത്രത്തിലും പിസി ശ്രീറാം തന്നെ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്‌തിരുന്നത്.
Shooting for @menongautham – it’s a web film starring Suriya. @Suriya_offl . Great energy on sets today!
— pcsreeramISC (@pcsreeram) November 17, 2020
മനുഷ്യന്റെ ഒന്‍പത് വികാരങ്ങളെ ആധാരമാക്കിയാണ് ‘നവരസ’യിലെ ഓരോ സിനിമകളും അണിയിച്ചൊരുക്കുന്നത്. ഗൗതം മേനോന് പുറമെ കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഹാലിതാ ഷമീം തുടങ്ങിയവരുടെ സിനിമകളും ‘നവരസ’യിലുണ്ട്.
പ്രതിഫലം വാങ്ങാതെയാണ് താരങ്ങള്‍ നവരസയുടെ ഭാഗമാകുന്നത്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്, സിദ്ധാര്‍ഥ്, ഐശ്വര്യ രാജേഷ്, പൂര്‍ണ, ഋത്വിക, പ്രകാശ് രാജ്, ഗൗതം കാര്‍ത്തിക്, ബോണി സിംഹ, വിക്രാന്ത്, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Read Also: സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി








































