മുംബൈ: ആഡംബര കപ്പലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ താൻ ലഹരിമരുന്ന് ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചതായി നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ. എൻസിബിയുടെ സാക്ഷി റിപ്പോർട്ടിലാണ് ആര്യൻ ഖാൻ ഇക്കാര്യം സമ്മതിച്ചതായി വ്യക്തമാക്കുന്നത്.
ലഹരി കൈവശം ഉണ്ടോയെന്ന ചോദ്യത്തിന് ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മെർച്ചന്റ് ഉണ്ടെന്ന് മറുപടി നൽകുകയും, ഷൂസിനുള്ളിൽ നിന്നും ചരസ് പുറത്തെടുത്ത് അധികൃതർക്ക് കൈമാറുകയും ചെയ്തെന്ന് റിപ്പോർട് ചൂണ്ടിക്കാട്ടുന്നു. ഒപ്പം തന്നെ ആര്യൻ ഖാനോടുള്ള ചോദ്യത്തിൽ ചരസ് ഉപയോഗിച്ചതായി സമ്മതിച്ചെന്നും, അർബാസിന്റെ കയ്യിൽ ഉണ്ടായിരുന്ന ചരസ് ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായും വ്യക്തമാക്കിയതായി എൻസിബി റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം ചിലരെ കുടുക്കുന്നതിന് വേണ്ടി മനഃപൂർവം ആസൂത്രണം ചെയ്ത റെയ്ഡ് ആണിതെന്നും, പിടികൂടിയവരിൽ ബിജെപി നേതാവിന്റെ ബന്ധു ഋഷഭ് സച്ദേവ് ഉൾപ്പടെ 3 പേരെ വിട്ടയച്ചെന്നും എൻസിപി ആരോപിച്ചു. എന്നാൽ കേസിൽ പങ്കില്ലെന്ന് കണ്ടതോടെയാണ് ഇവരെ വിട്ടയച്ചതെന്നാണ് എൻസിബി വ്യക്തമാക്കുന്നത്. നിലവിൽ ജാമ്യാപേക്ഷ തള്ളിയതോടെ ആർതർ റോഡ് ജയിലിൽ കഴിയുകയാണ് ആര്യൻ ഖാൻ.
Read also: ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ല; താലിബാൻ







































