കോഴിക്കോട്: മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം എൻസിടിഇ പിൻവലിച്ചു. എൻസിടിഇ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ 2014 മുതൽ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്സിന്റെ കാലാവധി രണ്ട് വർഷമായി ഉയർത്തുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ 7 വർഷമായി അടിസ്ഥാന സൗകര്യങ്ങളിൽ അടക്കം മാറ്റങ്ങൾ വരുത്താത്ത സാഹചര്യത്തിലാണ് അംഗീകാരം പിൻവലിക്കുന്ന നടപടിയിലേക്ക് കടന്നത്. എൻസിടിഇയുടെ തീരുമാനത്തിലൂടെ ഒരുപാട് വിദ്യാർഥികളുടെ ഭാവി തന്നെ പ്രതിസന്ധിയിലാകും. കൂടാതെ നിലവിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ നടന്നു വരികയാണ്.
നിലവിൽ അംഗീകാരം നഷ്ടപ്പെട്ട 11 കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലാണ്. ഇവയ്ക്കെല്ലാം ഉടൻ തന്നെ പുതിയ കെട്ടിടം കണ്ടെത്തുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ കോഴിക്കോട് സർവകലാശാല സെനറ്റ് യോഗം ഉടൻ ചേരും. സീറ്റുകൾ നഷ്ടപ്പെടാതിരിക്കാനും അഡ്മിഷൻ നൽകിയ വിദ്യാർഥികളുടെ കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റുമെന്നുമായിരിക്കും സെനറ്റ് ചർച്ച ചെയ്യുക.
Read also: മേജര്‍ ആനന്ദവല്ലി വിടപറഞ്ഞു; കേരളാ എന്‍സിസിയുടെ ആദ്യ വനിതാ കമാന്റിങ് ഓഫിസര്‍







































