വാഷിങ്ടൻ: ഒപ്പം താമസിച്ചിരുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ യുഎസ് പോലീസ് വെടിവച്ച് കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പോലീസ് വെടിവച്ചുകൊന്നത്. ഈമാസം മൂന്നിനായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്.
സാന്താക്ളാരയിലെ താമസസ്‌ഥലത്ത് ഒപ്പം താമസിച്ചിരുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സ്‌ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് ഗുരുതരമായി പരിക്കുകൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവച്ചെന്നും പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു.
നാലുതവണ പോലീസ് നിസാമുദ്ദീനെ വെടിവച്ചു. നിസാമുദ്ദീനെ പോലീസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്‌ഥിരീകരിച്ചു. പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും പോലീസ് അറിയിച്ചു.
കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താക്ളാരയിലെ ഒരു ടെക് സ്‌ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. വംശീയപരമായ ഉപദ്രവങ്ങൾ, ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടൽ എന്നിവയെക്കുറിച്ച് നിസാമുദ്ദീൻ പരാതിപ്പെട്ടിരുന്നതായി കുടുംബം പറഞ്ഞു. സാന്താക്ളാരയിലെ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം കുടുംബം അഭ്യർഥിച്ചു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം