മസ്കറ്റ്: ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും, രക്ഷിതാക്കളും. സെപ്റ്റംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നിവേദനം നൽകി.
കുവൈറ്റിലും യുഎഇയിലും സെന്ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നുള്ള അഞ്ഞൂറിൽപരം വിദ്യാർഥികളുടെ കാര്യത്തിൽ അനുഭാവ പൂർണമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രവാസികൾ ഏറ്റവുമധികം അധിവസിക്കുന്ന രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
നിലവില്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക-സാമൂഹിക പ്രതിസന്ധികള്‍ മൂലം പ്രവാസികള്‍ നിരവധി ബുദ്ധിമുട്ടുകൾ നേരിടുകയാണ് . നാട്ടിലേക്കുള്ള സാധാരണ പോക്കുവരവുകൾ പോലും അനിശ്ചിതത്വത്തിൽ ആണെന്നിരിക്കെ പരീക്ഷക്കായി നാട്ടിലേക്ക് പോകാനും തിരിച്ചു വരാനും ഒട്ടേറെ പ്രതിബന്ധങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയാൽ തിരിച്ചു വരാനാകുമോ എന്ന ആശങ്കയാണ് പല രക്ഷിതാക്കൾക്കും ഉള്ളത്.
ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് അഞ്ഞൂറിലധികം കുട്ടികളാണ് നീറ്റ് പരീക്ഷക്ക് തയ്യാറാകുന്നത്. നിലവില്‍ ഗൾഫ് രാജ്യങ്ങളിലെ യാത്രാവിലക്ക് ഉൾപ്പടെയുള്ള കാര്യങ്ങൾ അനന്തമായി നീണ്ടുപോകുകയാണ്. മസ്കറ്റിലെ അവന്യൂ മാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെവിൻ സാമുവൽ, മാളവിക ഷാജി, ഷാജി എംടി, പ്രദീപ്, മുഷ്താഖ്, ഇസാഖ് എന്നിവർ പങ്കെടുത്തു.
Read Also: ഐഎൻഎൽ നേതൃ യോഗത്തിനിടെ തമ്മിലടി







































