കോട്ടയം: പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുതുപ്പള്ളിയിലെ നിലവിലെ പട്ടികയിൽ തന്റെ പേരാണെന്ന് ഉമ്മൻചാണ്ടി വ്യക്‌തമാക്കി. എന്നാൽ, നേമം സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.
നേമത്ത് പല പേരുകളും വരുന്നുണ്ട്, ചർച്ചകൾ തുടരുകയാണ്. ദേശീയ, സംസ്‌ഥാന നേതൃത്വങ്ങൾ തന്റെ പേര് നേമത്ത് നിർദ്ദേശിച്ചിട്ടില്ല. ദേശീയ നേതൃത്വം ആര് മൽസരിക്കണം എന്നതിൽ ഇടപെടുകയുമില്ല. പ്രവർത്തകരുടെ വികാരം താൻ മനസിലാക്കുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ശക്‌തരായ സ്‌ഥാനാർഥികൾ വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നേമത്ത് മൽസരിക്കാൻ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുരളിയും പ്രതികരിച്ചു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതെല്ലാം ഇതുവരെ അനുസരിച്ചിട്ടുണ്ട്. നേമത്തേക്ക് എല്ലാവരും പോകേണ്ടതില്ല. കൈപ്പത്തി ചിഹ്‌നത്തിൽ മൽസരിച്ചാൽ ജയം ഉറപ്പാണെന്നും മുരളി പറഞ്ഞു.
ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. വനിതാ പ്രവർത്തകരടക്കം രംഗത്തുണ്ട്. വളരെ വികാരഭരിതമായാണ് പ്രവർത്തകർ പ്രതികരിക്കുന്നു. ഇതിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി ആത്‌മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. ഉമ്മൻചാണ്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇയാൾ താഴെ ഇറങ്ങിയത്.
Also Read: ഏത് ചുമതലയും ഏറ്റെടുക്കാം, ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്; കെ മുരളീധരൻ







































