ന്യൂഡെൽഹി: പുതിയ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ മന്ത്രിമാർ ഇന്ന് രാവിലെ മുതൽ ചുമതല ഏറ്റെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച പൂർത്തിയായെങ്കിലും ഇന്നലെ വളരെ വൈകിയാണ് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് സൗത്ത് ബ്ളോക്കിൽ എത്തി അധികാരത്തിലേറിയത്.
അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക് നിർദ്ദേശമുണ്ട്. ആഭ്യന്തര മന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിൻ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായും തുടരും.
നിർമല സീതാരാമൻ ധനകാര്യ മന്ത്രിയായും തുടരും. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരിൽ ഒരാളായ സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുമാണ് ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ചു സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, അതേസമയം, മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ എൻഡിഎയിൽ ഇരട്ട നീതിയാണെന്ന് ആരോപിച്ചു ശിവസേന ഷിൻഡെ വിഭാഗം രംഗത്തെത്തി. മന്ത്രിസഭയിൽ ശിവസേന ഷിൻഡെ പക്ഷത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് നേതാക്കൾ പറയുന്നു. ഏക്നാഥ് ഷിൻഡെ ചേർത്ത എംപിമാരുടെ യോഗത്തിൽ നേതാക്കൾ അതൃപ്തി അറിയിച്ചു.
എൻഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷി ആയിട്ടും കാബിനറ്റ് മന്ത്രി സ്ഥാനം നൽകാതെ ശിവസേനയെ തഴഞ്ഞു. ഒന്നും രണ്ടും സീറ്റുകളുള്ള പാർട്ടികൾക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നൽകി. ശിവസേനയ്ക്ക് ലഭിച്ചത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ്. ബിജെപിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പാർട്ടിക്ക് കിട്ടിയില്ലെന്നും എംപി ശ്രീരംഗ് ആരോപിച്ചു.
എൻസിപിക്ക് കാബിനറ്റ് പദവി കിട്ടാത്തതും അനീതിയാണെന്നും ബർനെ കൂട്ടിച്ചേർത്തു. കാബിനറ്റ് പദവി ലഭിക്കാത്തതിൽ എൻസിപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ശിവസേനയും അതൃപ്തി കടുപ്പിക്കുന്നത്.
Most Read| റിയാസി ഭീകരാക്രമണം; പാക് പങ്കെന്ന് സംശയം- കർശന നടപടിക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം