ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിര നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി. തൽകാലം നിർമ്മാണ പ്രവർത്തനം തുടങ്ങരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. പദ്ധതിക്ക് വേണ്ടി മരങ്ങൾ മുറിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.
എന്നാൽ ഡിസംബർ 10ന് നിശ്‌ചയിച്ച മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിനും, ഭൂമി പൂജക്കും കോടതി അനുമതി നൽകിയിരുന്നു. പദ്ധതി പെട്ടെന്ന് തുടങ്ങാൻ നീക്കം നടക്കുന്നതിൽ സുപ്രീം കോടതി അതൃപ്‌തി രേഖപ്പടുത്തി.
പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10ന് തറക്കല്ലിടും. ഏകദേശം 970 കോടി രൂപയാണ് നിർമ്മാണ ചിലവായി കണക്കാക്കുന്നത്. 2022 ഒക്‌ടോബറോടെ നിർമ്മാണം പൂർത്തിയാക്കി ഉൽഘാടനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ പാർലമെന്റ് മന്ദിരത്തിന് 90 വർഷത്തെ പഴക്കമാണുള്ളത്.
പഴയ കെട്ടിടത്തോട് ചേർന്നാണ് പുതിയ മന്ദിരവും പണിയാൻ ഉദ്ദേശിക്കുന്നത്. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളും ഇതിനോടൊപ്പം ഉണ്ടാവും. പുതിയ കെട്ടിടത്തിന്റെ ലോക്‌സഭ ചേംബറിൽ 888 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. രാജ്യസഭാ ഹാളിൽ 384 പേർക്കുള്ള ഇരിപ്പിടമാണ് ഒരുക്കുക. ഭാവിയിൽ അംഗ സംഖ്യ ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്.
Read Also: കർഷക സമരം; മുഖ്യമന്ത്രി കെജ്‌രിവാളും മറ്റു മന്ത്രിമാരും സമരഭൂമി സന്ദർശിക്കും