ന്യൂഡെല്‍ഹി : രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും, താന്‍ കോവിഡ് രോഗിയല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രവും സമര്‍പ്പിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ ബ്രിട്ടനില്‍ നിന്നും ജനുവരി 8ആം തീയതി മുതല്‍ 30ആം തീയതി വരെ രാജ്യത്തെത്തുന്ന ആളുകള്‍ 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര യാത്രക്കാരുടെ കയ്യില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനകമ്പനികള്‍ ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ എല്ലാ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും ആര്‍ടിപിസിആര്‍ പരിശോധനക്ക് വേണ്ട സൗകര്യം ഒരുക്കണമെന്നും, വിമാനത്താവളങ്ങളുടെ അടുത്തായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : ഒന്നുകില്‍ മേഖല തിരിച്ച് നടത്തുക അല്ലെങ്കില്‍ വേണ്ടെന്ന് വെക്കുക; അടൂര്‍