വാഷിങ്ടൺ: സ്‌മാർട് ഫോൺ ക്യാമറ ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ കോവിഡ് പരിശോധനാ ഫലം അറിയാൻ സാധിക്കുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് ശാസ്‌ത്രജ്‌ഞർ. ക്രിസ്‌പർ ( ബാക്‌ടീരിയ, ആർക്കീയ തുടങ്ങിയ പ്രോകാരിയോട്ടുകളുടെ ജീനോമുകളിൽ ആവർത്തന സ്വഭാവമുള്ള ഡിഎൻഎ ശ്രേണികളാണ് ക്രിസ്‌പർ) അടിസ്‌ഥാനമാക്കിയുള്ള പുതിയ പരിശോധനയിലൂടെ പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങൾക്ക് പുറമേ വൈറസിന്റെ സാന്ദ്രതയും അറിയാൻ സാധിക്കുമെന്ന് ശാസ്‌ത്രജ്‌ഞർ പറയുന്നു. ഗ്ളാഡ് സ്‌റ്റോൺ ഇൻസ്‌റ്റിറ്റൃൂട്ട്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലെ ഒരു കൂട്ടം ശാസ്‌ത്രജ്‌ഞരാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വേഗത്തിലുള്ള പരിശോധനകളുടെ കുറവാണ്. ആവശ്യമുള്ള വേഗത്തിലും കൃത്യമായും ഫലങ്ങൾ അറിയാനുള്ള സാധ്യതയാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ ഗവേഷകർ മുന്നോട്ട് വെക്കുന്നത്. പരിശോധനകൾ പരിമിതമായ സ്‌ഥലങ്ങളിൽ ഇത് വളരെയധികം സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു.
Also Read: വാക്‌സിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് നീളില്ല; പ്രധാനമന്ത്രി
കോവിഡ് പരിശോധനക്ക് വേണ്ടി ശേഖരിക്കുന്ന സ്രവം സ്‌മാർട് ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ നിക്ഷേപിക്കും. തുടർന്ന്, വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ ഉപകരണം സിഗ്‌നൽ പുറപ്പെടുവിക്കുകയും സ്‌മാർട് ഫോൺ ക്യാമറ മൈക്രോസ്‌കോപ് ആയി പരിവർത്തനം ചെയ്‌ത് പരിശോധനാ ഫലം പുറത്തുവിടുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
ഈ സ്‌മാർട് ഫോൺ പരിശോധന ഒരു രോഗിയിൽ ഫലപ്രദമായി പരീക്ഷിച്ചതായും അവർ വ്യക്‌തമാക്കി. പോസിറ്റീവ് ഫലം കണ്ടെത്താൻ 5 മിനിറ്റും നെഗറ്റീവിന് 30 മിനിറ്റുമാണ് ഉപകരണത്തിന് വേണ്ടത്.