റിയാദ്: ഉംറ വിസകൾ അനുവദിച്ച് 30 ദിവസത്തിനുള്ളിൽ സൗദിയിൽ പ്രവേശിക്കണമെന്ന ഹജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നിലവിൽ വന്നു. പുതുക്കിയ തീരുമാന പ്രകാരം ഇനിമുതൽ വിസ അനുവദിച്ച് 30 ദിവസത്തിനുള്ളിൽ ഉംറ തീർഥാടനത്തിനായി അപേക്ഷകൻ സൗദിയിൽ പ്രവേശിക്കേണ്ടതാണ്.
അല്ലാത്തപക്ഷം അനുവദിക്കപ്പെട്ട വിസാ കാലാവധി കണക്കിലെടുക്കാതെ റദ്ദാക്കുമെന്നാണ് പ്രാദേശിക വാർത്താ ഏജൻസികൾ ഇത് സംബന്ധിച്ച് വെളിപ്പെടുത്തിരിക്കുന്നത്. പുതുക്കിയ തീരുമാനം അടുത്ത ആഴ്‌ച നിലവിൽ വരുമെന്നാണ് മന്ത്രാലയ വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
രാജ്യത്തെത്തുന്ന ഉംറ തീർഥാടകന് 90 ദിവസം വരെ സൗദിയിൽ തങ്ങാമെന്ന പഴയ നിയമം തുടരും. സൗദിയിൽ തണുപ്പുകാലം എത്തുന്നതിന് മുന്നോടിയായി സുഖകരമായ കാലാവസ്‌ഥയായതിനാൽ ഉംറയ്‌ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയ്‌ക്കുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ നിയമം.
ഉംറ വിസയിൽ ഉള്ളവർക്ക് രാജ്യത്തെവിടെയുമുള്ള രാജ്യാന്തര വിമാനത്താവളത്തിലൂടെ എത്തുന്നതിനും തിരികെ മടങ്ങുന്നതിനും സാധിക്കുന്നതോടൊപ്പം 90 ദിവസത്തിനുള്ളിൽ സൗദിയിൽ എവിടേയ്‌ക്കുമുള്ള യാത്രയും സന്ദർശനവുമൊക്കെ നടത്താനും അനുമതിയുണ്ട്. ജൂൺ മുതൽ ആരംഭിച്ച ഈവർഷത്തെ ഉംറ സീസണിൽ വിദേശ തീർഥാടകർക്കായി അനുവദിച്ചത് 40 ലക്ഷത്തിലേറെ വിസകളാണ്.
Most Read| ‘അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനം; കേരളം അത്‌ഭുതമാണ്, നാടിന്റെ ഒരുമയുടെ ഫലം’






































