ന്യൂഡെൽഹി: ന്യൂസ് ക്ളിക്കിന്റെ സ്ഥാപകനും മാദ്ധ്യമപ്രവർത്തകനുമായ പ്രബീർ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. പ്രബീർ പുരകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റിന് പുറമെ നിലവിലുള്ള റിമാൻഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജാമ്യം നൽകി ഉടൻ വിട്ടയക്കാനാണ് കോടതി നിർദ്ദേശം.
ന്യൂസ് ക്ളിക്ക് അനധികൃതമായി വിദേശത്ത് നിന്ന് പണം കൈപ്പറ്റിയെന്നാണ് പുരകായസ്തയുടെ മേൽ ചുമത്തിയിരുന്ന കേസ്. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് എന്നും റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയില്ലെന്നും കോടതി വിമർശിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ വിട്ടയക്കുന്നതിലെ നിബന്ധന വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
യുഎപിഎക്കൊപ്പം ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീർ പുരകായസ്തയെ 2023 ഒക്ടോബർ മൂന്നിന് ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യുഎപിഎ നിയമപ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നേരത്തെ സെഷൻസ് കോടതിയും ഹൈക്കോടതിയും ശരിവെച്ചിരുന്നു.
കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും നിരന്തരം വിമർശനം ഉന്നയിച്ചിരുന്ന മാദ്ധ്യമ സ്ഥാപനം കൂടിയായിരുന്നു ന്യൂസ് ക്ളിക്ക്. എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലാണ്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളിൽ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ളിക്കിലേക്ക് എത്തിയെന്നാണ് ഇഡിയും ഡെൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പറയുന്നത്. വിദേശ സംഭാവന സ്വീകരിച്ചതിൽ ചട്ടലംഘനം നടന്നെന്നാണ് ആരോപണം.
Most Read| രാജ്യത്ത് എൽടിടിഇ സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി