കൊണ്ടോട്ടി: പാർട്ടി വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. പള്ളിക്കൽ സ്വദേശി മുജീബ് റഹ്‌മാനാണ് (40) മർദ്ദനത്തിന് ഇരയായത്. എസ്‌ഡിപിഐ പാർട്ടി വിട്ടതിന്റെ പ്രകോപനമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതി. ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരെ കൊണ്ടോട്ടി ഡിവൈഎഫ്ഐ പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തു.
പുളിക്കൽ ചെറുകാവ് കുണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ്, പള്ളിക്കൽ റൊട്ടി പീടികകുണ്ട് മുസ്‌തഫ, ആണൂർ പള്ളിക്കൽ ബസാർ ചാലിപാടി സഹീർ എന്നിവരാണ് അറസ്‌റ്റിലായത്. കഴിഞ്ഞ മാസം 20ന് ആണ് മുജീബ് റഹ്‌മാനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി കരിപ്പൂരിലെ എസ്‌ഡിപിഐയുടെ നേതാവിന്റെ വീട്ടിൽ എത്തിച്ച് നഗ്‌നനാക്കി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചത്. അവശനായ മുജീബ് വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പോലീസ് പറയുന്നു.
മാരകമായി പരിക്കേറ്റ ഇയാളെ പുലർച്ചെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സംഭവം പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. തുടർന്ന് ഭീഷണി ഭയന്ന് മുജീബ് പോലീസിൽ പരാതി നൽകിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്‌ച അർധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം ഇയാളുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.
തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികളെ പിടികൂടികയായിരുന്നു. മറ്റ് പ്രതികളെ കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. മർദ്ദനമേറ്റ മുജീബ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും കുറവ്; രാജ്യത്ത് 44,887 പുതിയ രോഗബാധിതർ









































