ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ചു സിപിഎം കായംകുളം ഏരിയാ സെക്രട്ടറി. നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകും. ഇങ്ങനെ ചതിക്കുന്നവരോട് പാർട്ടി ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ല. നിഖിലിനെ ബോധപൂർവം പാർട്ടിയിൽ ഉള്ളവർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിഖിൽ പാർട്ടി അംഗം ആണെന്നും വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കി. എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജിൽ എംകോമിന് ചേർന്നത് ബികോം ജയിക്കാതെയാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നിഖിൽ ഹാജരാക്കിയ ഛത്തീസ്ഗഡ് സർവകലാശാല രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല രജിസ്ട്രാറും എംഎസ്എം കോളേജ് പ്രിൻസിപ്പലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ നിഖിലിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ, നിഖിൽ സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റ് പരിശോധിച്ചു പൂർണമായി ബോധ്യപ്പെട്ടെന്നും വ്യാജമല്ലെന്നും മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവകാശപ്പെട്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ വാദങ്ങളെല്ലാം വിസിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു.
അതിനിടെ, എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പിൽ പ്രതിഷേധിച്ചു കെഎസ്യു സംസ്ഥാനത്തെ കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. നിഖിൽ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തുവെന്ന് ആരോപിച്ചാണ് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് ആലപ്പുഴ എസ്പി എസ്പി ഓഫീസിലേക്കും കെഎസ്യു മാർച്ച് നടത്തും.
Most Read: പകർച്ചപ്പനിയിൽ വിറച്ചു സംസ്ഥാനം; പ്രതിദിന ബാധിതരുടെ എണ്ണം 13,000ലേക്ക്







































