പട്ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. നിതീഷ് കുമാർ ഇന്ന് രാജിക്കത്തുമായി ഗവർണറെ കാണുമെന്നാണ് വിവരം. അതിനിടെ, ജെഡിയു എംഎൽഎമാരുടെ യോഗവും നിതീഷ് കുമാർ വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിക്കാണ് എംഎൽഎമാരുടെ യോഗം. ബിജെപി സംസ്ഥാന നേതൃത്വവും രാവിലെ എംഎൽഎമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തും.
രാവിലെ പത്ത് മണിക്ക് യോഗത്തിന് ശേഷം നിതീഷ് കുമാർ പാർട്ടി എംഎൽഎമാരെ അഭിസംബോധന ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബിഹാറിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.
മുഖ്യമന്ത്രി സ്ഥാനം നിതീഷ് ആവശ്യപ്പെട്ടതായാണ് വിവരം. രണ്ടു ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നൽകാമെന്നും ജെഡിയു ഫോർമുലയായി മുന്നോട്ട് വെച്ചിട്ടുണ്ട്. നിർണായക ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഫോർമുല ബിജെപി അംഗീകരിച്ചാൽ എൻഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും ഞായറാഴ്ച തന്നെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് പുറത്തുവരുന്ന വിവരം.
അതേസമയം, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ എതിർക്കാനായി രൂപീകരിച്ച വിശാല പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ സഖ്യത്തിന്റെ തുടക്കക്കാരിൽ ഒരാളായ നിതീഷിന്റെ വിട്ടുപോക്ക് ഫലത്തിൽ മുന്നണിയെ പ്രതിസന്ധിയിലാക്കും.
Most Read| ഗവർണറുടെ സുരക്ഷാ വീഴ്ച; റിപ്പോർട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം







































