തിരുവനന്തപുരം: വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എംഎൽഎ ജോർജ് എം തോമസ്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ലൗ ജിഹാദില്ല. താൻ അങ്ങനെ ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ലെന്നും ജോർജ് എം തോമസ് വ്യക്‌തമാക്കി.
കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഇതര മതസ്‌ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത സംഭവത്തിലാണ് നേരത്തെ മുൻ എംഎൽഎ വിവാദ പരാമർശം നടത്തിയത്. ക്രിസ്‌ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ നേതൃത്വത്തിലിരിക്കുന്ന ഒരാളുടെ നടപടി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നാണ് ജോര്‍ജ് എം തോമസ് പറഞ്ഞത്.
എന്നാൽ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉയർന്നത്. വിഷയത്തിൽ ജോര്‍ജ് എം തോമസിനെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. ജോര്‍ജ് എം തോമസിന് പിശക് പറ്റിയെന്നാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞത്. രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആക്രമിക്കാനും ആക്ഷേപിക്കാനും ബോധപൂര്‍വം കൊണ്ടുവരുന്ന ക്രുപ്രചാരണമാണ് ലൗ ജിഹാദ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജോര്‍ജ് എം തോമസിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അത് അദ്ദേഹം തന്നെ അംഗീകരിച്ചതാണെന്നും പി മോഹനന്‍ വ്യക്‌തമാക്കിയിരുന്നു.
വിവാദത്തിന് പിന്നാലെ സ്വന്തം ഇഷ്‌ടപ്രകാരമാണ് വിവഹം നടന്നതെന്ന് പറഞ്ഞ് ദമ്പതികള്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ഇഷ്‌ടപ്രകാരമാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ജ്യോൽസ്‌നയും വ്യക്‌തമാക്കിയിരുന്നു. അതേസമയം ഇരുവരുടെയും വിവാഹത്തിന് പിന്നാലെ നാട്ടില്‍ ലവ് ജിഹാദാണ് നടന്നതെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല