തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ച് സിപിഐഎം. വി ശിവന്‍കുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വിചാരണ നേരിടട്ടെയെന്നുമാണ് സിപിഐഎം നിലപാട്. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
വിധി വന്നതിന് പിന്നാലെ ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കിയിയിരിക്കുകയാണ് പ്രതിപക്ഷം. കേസില്‍ വിചാരണ നേരിടുന്ന വ്യക്തി ധാര്‍മ്മികതയുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വ്യക്തമാക്കി.
കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിർദ്ദേശിച്ച് കൊണ്ടാണ് സര്‍ക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളിയത്. സര്‍ക്കാര്‍ ഹരജിയിൽ ഉന്നയിച്ച വാദങ്ങളൊന്നും സുപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെ ആറ് ഇടത് നേതാക്കളാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. സഭക്കുള്ളിൽ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കയ്യാങ്കളികേസിലെ പ്രധാന ആരോപണം. വി ശിവന്‍കുട്ടി, കെ അജിത്, സികെ സദാശിവന്, കുഞ്ഞുമുഹമ്മദ് മാസ്റ്റർ, ഇപി ജയരാജന്, കെടി ജലീല്‍ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Also Read: പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി വൻ കവർച്ച; ഏഴ് പേർ അറസ്റ്റിൽ