പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി വൻ കവർച്ച; ഏഴ് പേർ അറസ്‌റ്റിൽ

By News Desk, Malabar News
kasargod robbery arrest
Ajwa Travels

പാലക്കാട്: പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൗൺ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. 2021 മാർച്ച് 10നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. തൃശൂർ സ്വദേശികളെ പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും സ്വർണമോതിരവും മൊബൈൽ ഫോണുകളും പ്രതികൾ കവർച്ച ചെയ്‌തു.

കൂടാതെ ഇവരിൽ നിന്നും എടിഎം കാർഡുകളും പിൻ നമ്പറും കൈവശപ്പെടുത്തി നാല് ലക്ഷത്തിലധികം രൂപ പിൻവലിക്കുകയും ചെയ്‌തു. തൃശൂർ സ്വദേശിയായ മധ്യവയസ്‌കനും ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവുമാണ് അക്രമത്തിന് ഇരയായത്. ഇവരുടെ പരാതി പ്രകാരം തൃശൂർ ടൗൺ വെസ്‌റ്റ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂർ തോന്നാംപാളയം അംബേദ്‌കർ നഗർ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനൻ തുളു പ്രകാശ് (40), തിരുപ്പൂർ മംഗളം റോഡ് ലിബ്രോ കോമ്പൗണ്ട് മണികണ്‌ഠൻ (27), തിരുപ്പൂർ മാക്കലിയമ്മൻ തെരുവ് ശെന്തിൾ (42), തിരുപ്പൂർ മംഗളം റോഡ് സഞ്‌ജയ്‌ (35) എന്നിവരെ തൃശൂർ വെസ്‌റ്റ് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ജെ പ്രസാദും സംഘവും അറസ്‌റ്റ്‌ ചെയ്‌തു.

പുനർവിവാഹം കഴിക്കുന്നതിനായി പത്രത്തിൽ പരസ്യം നൽകുന്നവരും താരതമ്യേന പ്രായമുള്ളവരുമാണ് ഇവരുടെ കെണിയിൽ പെടുന്നത്. തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ട് തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും. ഏതെങ്കിലും ഒരു സ്‌ത്രീയുടെ ഫോട്ടോ വാട്സാപ് വഴി അയച്ചുകൊടുത്താണ് ഇരകളുടെ വിശ്വാസം ഇവർ പിടിച്ചുപറ്റുന്നത്.

തമിഴ്‌നാട്ടിൽ താമസിക്കുന്ന മലയാളി കുടുംബമാണെന്നും സഹോദരിയുടെ ഭർത്താവ് മരണപ്പെട്ടുവെന്നും മറ്റ് ബാധ്യതകളില്ലെന്നും ധരിപ്പിച്ചാണ് തൃശൂർ സ്വദേശികളെ ഇവർ കെണിയിൽ വീഴ്‌ത്തിയത്. തുടർന്ന് രണ്ടോ മൂന്നോ ദിവസത്തിന് ശേഷം പൊള്ളാച്ചിയിലുള്ള കുടുംബക്ഷേത്രത്തിൽ ഗണപതി ഹോമവും പൂജയും നടത്തുന്നതിനായി താനും കുടുംബവും എത്തുമ്പോൾ സഹോദരിയെ അവിടെയുള്ള ഫാം ഹൗസിൽ വെച്ച് കാണാമെന്നും തൃശൂർ സ്വദേശി അറിയിക്കുന്നു.

മൊബൈൽ ഫോണിലൂടെ നൽകിയ വിവരങ്ങൾ വിശ്വസിച്ച് പെണ്ണുകാണൽ ചടങ്ങിന് എത്തിയവരെ പൊള്ളാച്ചിക്കടുത്തുള്ള ആളൊഴിഞ്ഞ തെങ്ങിൻ തോട്ടത്തിലേക്ക് തട്ടിപ്പുകാർ അനുനയിച്ച് കൊണ്ടുപോയി. തുടർന്നാണ് തങ്ങൾ തട്ടിപ്പിന് ഇരയായെന്ന് തൃശൂർ സ്വദേശികൾക്ക് മനസിലായത്. രക്ഷപെടാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ ഏതാനും ആളുകൾ അവരെ വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇവരുടെ കൈകാലുകൾ ബന്ധിച്ച് മർദ്ദിച്ച് അവശരാക്കുകയും മൊബൈൽ ഫോണുകളും പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും എടിഎം കാർഡ് അടക്കം കൈവശപ്പെടുത്തുകയും ചെയ്‌തു.

അർധരാത്രിയോടെ മർദ്ദനമേറ്റ് അവശരായ ഇവരെ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ ഇറക്കിവിടുകയും ചെയ്‌തു. പ്രതികൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് പാലക്കാട് വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനിലും കൊല്ലം ഈസ്‌റ്റ്‌ പോലീസ് സ്‌റ്റേഷനിലും കേസുകൾ നിലവിലുണ്ട്. തട്ടിപ്പിനിരയായ പലരും നാണക്കേട് ഓർത്ത് പരാതി പറയുന്നതിൽ വിമുഖത കാട്ടുന്നതിനാലാണ് പ്രതികൾ ഇത്തരത്തിലുള്ള കവർച്ചയും അക്രമവും തുടർന്ന് പോയതെന്ന് പോലീസ് പറഞ്ഞു.

Also Read: തോപ്പുംപടിയിൽ ആറു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE