ന്യൂഡെല്‍ഹി: രണ്ടു വർഷമായി ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗം നടത്താത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി യോഗം ചേരുന്നത് അനന്തമായി നീളുന്നതിന് പിന്നിൽ ദേശീയ നേതൃത്വമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട് ചെയ്യുന്നു.
“കോവിഡിന്റെ പേരിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവുകഴിവായി പറയുകയാണ്. പുതിയ ദേശീയ എക്‌സിക്യൂട്ടിവ് അംഗങ്ങളെ തീരുമാനിക്കാന്‍ പോലും നേതൃത്വത്തിന് സാധിച്ചിട്ടില്ല”- പേര് വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറയുന്നു.
ബിജെപിയുടെ ഭരണഘടന പ്രകാരം ദേശീയ എക്‌സിക്യൂട്ടീവും സംസ്‌ഥാന എക്‌സിക്യൂട്ടിവും മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് പറയുന്നത്. എന്നാൽ 2019 ജനുവരിയിലാണ് അവസാനമായി ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് ചേര്‍ന്നത്. അതേസമയം യോഗം ചേരാത്തത് പ്രശ്‌നമല്ലെന്നും പാര്‍ട്ടി ഘടകങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നുമാണ് നേതൃത്വവുമായി അടുത്ത വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
Read also: കര്‍ഷക പ്രക്ഷോഭം; ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി