ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍, ലൈന്‍ ജഡ്ജിന്റെ മേല്‍ ബോള്‍ തട്ടിയതിനെ തുടര്‍ന്നാണ് ജോക്കോവിച്ചിനെ പുറത്താക്കിയത്. സ്പെയിനിന്റെ പാബ്ലോ കരേനൊ ബസ്റ്റക്കെതിരായ മത്സരത്തിനിടെയിലാണ് സംഭവം നടന്നത്. കളിയില്‍ താരം, 5-6ന് പിന്നില്‍ നില്‍ക്കുമ്പോഴാണ് അബദ്ധത്തില്‍ പന്ത് ലൈന്‍ ജഡ്ജിന്റെ കഴുത്തില്‍ കൊണ്ടത്. പന്ത് തട്ടിയ ആഘാതത്തില്‍ ഉറക്കെ കരഞ്ഞുകൊണ്ട് ലൈന്‍ ജഡ്ജ് കോര്‍ട്ടിലേക്ക് വീണു. ഉടന്‍ തന്നെ ജോക്കോവിച്ച് ജഡ്ജിന്റെ അടുത്തെത്തി ആശ്വസിപ്പിച്ചു. നിരാശയും ശൂന്യതയുമാണ് തോന്നുന്നതെന്ന് പുറത്താക്കപ്പെട്ടശേഷം ജോക്കോവിച്ച് പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് താരത്തിന്റെ പ്രതികരണം.
18മത് ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമാക്കിയാണ് ജോക്കോവിച്ച് ടൂര്‍ണമെന്റിലെത്തിയത്. ലൈന്‍ ജഡ്ജിനെ സന്ദര്‍ശിച്ചതായും അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നറിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും ജോക്കോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.








































