തിരുവനന്തപുരം: സ്വകാര്യ നഴ്സിങ് കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി യോജിച്ച് നീങ്ങാൻ മാനേജ്മെന്റ് അസോസിയേഷന്റെ തീരുമാനം. അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഏകജാലക പ്രവേശനം തുടരും. വിദ്യാഭ്യാസം സേവനമായതിനാൽ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ വാക്കുനൽകിയിരുന്നു. അതനുസരിച്ച് ആരോഗ്യവകുപ്പിൽ നിന്ന് കത്ത് നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ പ്രസിഡണ്ട് വി സജി അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി അനുഭാവപൂർവം പരിഗണിക്കുന്നുവെന്നാണ് വിവരം. പരിശോധന ഇല്ലാതെ തന്നെ കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകൾ നൽകാൻ സർക്കാരിൽ നിന്ന് കേരളാ നഴ്സിങ് കൗൺസിലിന് നിർദ്ദേശം പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കോളേജുകളിലും പരിശോധന നടത്താൻ സമയം ഇല്ലാത്തതിനാൽ തിരഞ്ഞെടുത്ത കോളേജുകളിൽ മാത്രമാകും പരിശോധന. പ്രോസ്പെക്ടസ് അംഗീകരിക്കാൻ പ്രവേശന മേൽനോട്ട സമിതിക്കും നിർദ്ദേശം പോയിട്ടുണ്ട്. 50% സീറ്റ് സർക്കാരിന് നൽകുന്നതിനും തീരുമാനിച്ചതായി സജി വ്യക്തമാക്കി. ഇതോടെ സ്വകാര്യ മേഖലയിലെ 119 കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലെ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം നീങ്ങുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് ഒന്നിനാണ് പ്രവേശനം തുടങ്ങേണ്ടത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!