തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്‌ച ലോക്ക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ജനസംഖ്യയുടെ 70 ശതമാനം ആളുകളും കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനാൽ ഇനി കർഫ്യൂവും ലോക്ക്ഡൗണും ഏർപ്പെടുത്തേണ്ടതില്ല എന്നായിരുന്നു യോഗത്തിലെ നിർദ്ദേശം. ഓണത്തിനു ശേഷം ഭയപ്പെട്ട രീതിയിൽ കോവിഡ് ബാധ റിപ്പോർട് ചെയ്യാതിരുന്നതും ലോക്ക്ഡൗണും കർഫ്യൂവും ഒഴിവാക്കാൻ കാരണമായി. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയായിരുന്നു നേരത്തെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്.
അതേസമയം 25,772 പേർക്കാണ് സംസ്‌ഥാനത്ത് ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. 15.87 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്‌തി നേടിയവർ 28,561 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 189 പേർക്കുമാണ്. നിലവിൽ 2,37,045 പേരാണ് ചികിൽസയിലുള്ളത്.
Most Read: ‘പാകിസ്‌ഥാൻ തുലയട്ടെ’; മുദ്രാവാക്യവുമായി കാബൂളിൽ പ്രതിഷേധം