മസ്‌കത്ത്: നിയമ മേഖലയിലും സമ്പൂർണ സ്വദേശിവൽക്കരണത്തിന് ഒമാൻ. മലയാളികൾ ഉൾപ്പടെ തൊഴിലെടുക്കുന്ന മേഖലകൾ ഇനി മുതൽ സ്വദേശികൾക്ക് മാത്രമാകുന്നതോടെ തൊഴിൽ നഷ്‌ടവും സംഭവിക്കും. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.
ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് നിയമ രംഗത്തെ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തുന്നത്. വിദേശികളുമായി പങ്കാളിത്തത്തിൽ നടത്തുന്ന നിയമ സ്‌ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിലും വിദേശികൾ മാത്രം നടത്തുന്ന നിയമ സ്‌ഥാപനങ്ങൾ, ലീഗൽ കൺസൾട്ടൻസി എന്നിവ ഒരു വർഷത്തിനുള്ളിലും സ്വദേശിവൽക്കരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഇത്തരം സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഒരുവർഷം വരെ തുടരാവുന്നതാണ്. എന്നാൽ, ഈ കാലയളവിൽ ഇത്തരം സ്‌ഥാപനങ്ങളുടെ ഷെയറുകൾ കൈമാറ്റം ചെയ്യാൻ പാടില്ല. മന്ത്രിമാർ, സ്‌റ്റേറ്റ് കൗൺസിൽ, മജ്‌ലിസ് ശൂറ, പബ്ളിക് പ്രോസിക്യൂഷൻ, സ്‌റ്റേറ്റ് ഭരണമേഖല, സ്വകാര്യ സ്‌ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ വക്കീൽ ആയോ നിയമ ഉപദേഷ്‌ടാവായോ ജോലി ചെയ്യുന്ന വിദേശികൾക്ക് ഇനി ആ മേഖലയിൽ പൂർണമായി ജോലി ചെയ്യാൻ കഴിയില്ല.
പ്രാക്‌ടീസ് ചെയ്യുന്ന വക്കീലൻമാരുടെ പട്ടികയിൽ പേര് രജിസ്‌റ്റർ ചെയ്യാത്തവർക്ക് നിയമരംഗത്തുള്ള ഒരു ജോലിയും ചെയ്യാൻ അനുവാദമില്ല. നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ആറുമാസം മുതൽ മൂന്നുവർഷം വരെ തടവും 300 റിയാൽ മുതൽ 1000 റിയാൽ വരെ പിഴയുമാണ്. മതിയായ ലൈസൻസില്ലാതെ ഇത്തരം ജോലി ചെയ്യുന്നവർക്ക് ഒരുമാസം മുതൽ ഒരുവർഷം വരെ തടവും 1000 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ലഭിക്കും.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!