കല്‍പ്പറ്റ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇന്നലെ രാത്രി മുതല്‍ നടപ്പാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ക്ക് മാത്രമെ ഇനി മുതല്‍ പ്രവേശന അനുമതി നല്‍കൂ.
കര്‍ണാടക അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ ആണ് ഇക്കാര്യമറിയിച്ചത്. ഇതോടെ കര്‍ണാടകയിലേക്കും കര്‍ണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്കും ഉള്ള ബസ് സര്‍വീസുകള്‍ അടക്കം നിര്‍ത്തിവെക്കേണ്ടിവരും.
പൊതു- സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. അതേസമയം അടിയന്തര ആവശ്യങ്ങള്‍ക്കായി മതിയായ രേഖകളോടെ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Read Also: ട്രെയിനിൽ അജ്ഞാതന്റെ ആക്രമണം; രക്ഷപെടാൻ പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്