കാസർഗോഡ്: ജില്ലയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 500ഓളം മയക്കുമരുന്ന് കേസുകളാണ് കാസർഗോഡ് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 585 കേസുകളാണ് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി റിപ്പോർട് ചെയ്‌തത്.
കഴിഞ്ഞ മാസം മാത്രം 335 കേസുകളാണ് ഉണ്ടായത്. ഫെബ്രുവരിയിൽ 80 കേസുകളും ജനുവരിയിൽ 70 കേസുകളും രജിസ്‌റ്റർ ചെയ്‌തു. ‘ഓപ്പറേഷൻ ക്ളീൻ കാസർഗോഡ്’ എന്ന പേരിൽ ലഹരിമരുന്നുകൾക്ക് എതിരെയുള്ള പരിശോധന ശക്‌തമാക്കിയതോടെയാണ് പിടിയിലാകുന്നവരുടെ എണ്ണവും വർധിച്ചത്. മൂന്ന് മാസത്തിനിടെ 510 പേരാണ് ജില്ലയിൽ മയക്കുമരുന്ന് കടത്തിൽ അറസ്‌റ്റിലായത്.
മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുള്ള കണ്ണികളാണ് ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ബെംഗളൂരുവിൽ നിന്നാണ് ലഹരികൾ കൂടുതലും എത്തുന്നത്. ഇതര സംസ്‌ഥാന തൊഴിലാളികൾ അടക്കമുള്ളവരാണ് മയക്കുമരുന്ന് കടത്തിൽ പിടിയിലാകുന്നത്. ജില്ലയിൽ പരിശോധന കർശനമാക്കാനാണ് പോലീസിന്റെയും എക്‌സൈസിന്റേയും തീരുമാനം.
Most Read: അരിക്കൊമ്പൻ പ്രതിഷേധം ശക്‌തം; വിദഗ്‌ധ സംഘം നാളെ ചിന്നക്കനാലിൽ






































