തിരൂരങ്ങാടി: കുട്ടികളുടെ അശ്ളീല വീഡിയോ ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മമ്പുറം സ്വദേശി തൊണ്ടിക്കോടൻ മുഹമ്മദ് ഫവാസ് (22) ആണ് അറസ്റ്റിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൊബൈലിൽ നിന്ന് കുട്ടികളുടെ അശ്ളീല വീഡിയോ കണ്ടെത്തിയത്. മറ്റൊരു യുവാവിന്റ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈലിൽ നിന്ന് വീഡിയോ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ കൂടുതൽ പരിശോധനകൾക്കായി ഫോൺ ഫോറൻസിക് വിഭാഗത്തിന് കൈമാറി.
നിലമ്പൂരിൽ നിന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ് ബംഗാൾ നാദിയ ജില്ലയിലെ എസ്കെ രാഹുലിനെയാണ് നിലമ്പൂർ സിഐ എംഎസ് ഫൈസൽ അറസ്റ്റ് ചെയ്തത്. ഇന്റർനെറ്റ് വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കുറ്റത്തിനാണ് ഇയാൾ അറസ്റ്റിലായത്. താമരശ്ശേരിയിൽ നിർമാണത്തൊഴിൽ നടത്തിവന്നിരുന്ന ഇയാൾ പത്ത് ദിവസം മുൻപാണ് നിലമ്പൂരിലെ മുക്കട്ടയിൽ താമസമാക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. എസ്ഐ കെഎസ് സൂരജ്, സിപിഒമാരായ രാജീവ് കൊളപ്പാട്, കെവി മുരളീകൃഷ്ണ തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ പിയുടെ ഭാഗമായിപോലീസിന്റെ മിന്നൽ പരിശോധന ആരംഭിച്ചത്. കണ്ണൂർ, ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലും പരിശോധന നടന്നു. നിരവധി ആളുകൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
Also Read: കുഴൽപ്പണം; സത്യമറിയാൻ ബിജെപി; ഇ ശ്രീധരൻ അടങ്ങുന്ന കമ്മീഷൻ റിപ്പോർട് നൽകി







































