തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകും. കഴിഞ്ഞ ദിവസങ്ങളിൽ തലശ്ശേരിയിലും കിഴക്കമ്പലത്തും ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങൾ മുതൽ സംസ്ഥാനത്ത് ആവർത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ വരെ ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുക.
മുഖ്യമന്ത്രിക്ക് പോലീസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന ആരോപണവും ഉയർന്നേക്കും. ജനങ്ങൾ ഭയപ്പാടിലാണെന്നും ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം പറയുന്നു. സർക്കാർ ഭാഗം മുഖ്യമന്ത്രിയാകും സഭയിൽ വിശദീകരിക്കുക.
സിപിഎം പ്രവർത്തകനും പുന്നോൽ സ്വദേശിയുമായ ഹരിദാസിനെയാണ് ഇന്നലെ പുലർച്ചെ തലശ്ശേരി ന്യൂമാഹിക്കടുത്ത് വെട്ടിക്കൊന്നത്. മൽസ്യത്തൊഴിലാളിയായ ഇദ്ദേഹത്തിന്റെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന ഏഴ് പേരിൽ നാല് പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ രണ്ടു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സിപിഐഎം പ്രവര്‍ത്തകരായ പ്രതികളെയാണ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനെ ആക്രമിച്ചത്. മർദ്ദനത്തെ തുടര്‍ന്ന് ദീപുവിന് ആന്തരിക രക്തസ്രാവം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മർദ്ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാൻ, അബ്ദുൾ അസീസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.
Most Read: തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; പരിക്ക് ഗുരുതരമെന്ന് ഡോക്ടർമാർ







































