എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ രണ്ടര വയസുകാരിയുടെ പരിക്ക് ഗുരുതരമാണെന്ന് വ്യക്‌തമാക്കി ഡോക്‌ടർമാർ. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ശരീരമാസകലം മുറിവുകളും കൈക്ക് ഒടിവും ഉണ്ടെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കി. അപസ്‌മാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തെ മുറിവുകളെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അമ്മയുടെ മൊഴിയിൽ അവ്യക്‌തത ഉണ്ടായതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
ഇന്നലെയാണ് രണ്ടാനച്ഛൻ കുട്ടിയെ മർദ്ദിച്ചതെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ പരിക്കിന്റെ ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ പോലീസിന് അയച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് തൃക്കാക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന വിവരം ലഭിക്കുന്നത്.
എന്നാൽ കുട്ടിയെ മർദ്ദിച്ചതല്ലെന്നും, തനിയെ അപകടം പറ്റിയതാണെന്നുമാണ് അമ്മ പോലീസിനോട് വ്യക്‌തമാക്കിയത്. എന്നാൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ അമ്മയോടൊപ്പം താമസിക്കുന്ന ആളാണ് മർദ്ദനത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
Read also: വില്ലേജ് ഓഫിസിൽ അക്രമം നടത്തി മദ്യപസംഘം; ജീവനക്കാരെ കയ്യേറ്റം ചെയ്‌തു