മുംബൈ: ബിജെപിയെ കടന്നാക്രമിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നു പറഞ്ഞ താക്കറെ, ധൈര്യമുണ്ടെങ്കിൽ തന്നെയും തന്റെ സർക്കാരിനേയും ബിജെപി താഴെയിറക്കി കാണിക്കണമെന്നും വെല്ലുവിളിച്ചു. ദസ്റയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഞങ്ങളുടെ ഹിന്ദുത്വത്തെ ചിലർ ചോദ്യം ചെയ്യുന്നു, ഞങ്ങൾ സംസ്‌ഥാനത്ത് ക്ഷേത്രങ്ങൾ വീണ്ടും തുറക്കാത്തത് കൊണ്ടാണ് ഇത്തരമൊരു ചോദ്യം ഉയർന്നത്. എന്റെ ഹിന്ദുത്വം ബാൽ താക്കറെയുടെ ഹിന്ദുത്വ ആശയത്തിൽ നിന്ന് വ്യത്യസ്‌തമാണെന്ന് അവർ പറയുന്നു. നിങ്ങളുടെ ഹിന്ദുത്വം മണിയടിക്കുന്നതും പാത്രങ്ങൾ കൊട്ടുന്നതുമാണ്, ഞങ്ങളുടെ ഹിന്ദുത്വം അങ്ങനെയല്ല. സ്വന്തം കുടുംബത്തിന് പുറത്തുള്ള ആളുകൾക്കിടയിൽ അറിയപ്പെടാത്ത ചിലരാണ് ശിവസേനയുടെ ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നത്, ”- താക്കറെ പറഞ്ഞു.
തന്റെ സർക്കാരിനെ താഴെയിറക്കുമെന്ന് പറയുന്നവർ അത് ചെയ്‌ത് കാണിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. “ഇപ്പോൾ ഏകദേശം ഒരു വർഷമായി എന്റെ സർക്കാർ അധികാരത്തിൽ കയറിയിട്ട്. ഞാൻ മുഖ്യമന്ത്രി ആയ അന്നു മുതൽ സംസ്‌ഥാന സർക്കാരിനെ അട്ടിമറിക്കുമെന്ന് ചിലർ പറയുന്നുണ്ട്. അവരെ ഞാൻ വെല്ലുവിളിക്കുന്നു, നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ അത് ചെയ്‌ത് കാണിക്കൂ,”- ഉദ്ദവ് പറഞ്ഞു.
Related News: എനിക്ക് നിങ്ങളുടെ ഹിന്ദുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഗവർണർക്ക് ഉദ്ധവിന്റെ മറുപടി
ഈ മാസം ആദ്യം, മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരി ശിവസേനയുടെ ഹിന്ദുത്വത്തെ ചോദ്യം ചെയ്‌ത് അയച്ച കത്തിനെ പരാമർശിച്ചായിരുന്നു താക്കറെയുടെ പ്രസ്‌താവന. കോവിഡിന്റെ പാശ്‌ചാത്തലത്തിൽ അടച്ചുപൂട്ടിയ ക്ഷേത്രങ്ങൾ തുറക്കാത്തതിനെ ചോദ്യം ചെയ്‌തായിരുന്നു ഗവർണറുടെ കത്ത്. ഒരിക്കൽ നിങ്ങൾ വെറുത്ത മതേതരത്വ ആശയത്തിലേക്ക് പെട്ടന്ന് മാറിയോ എന്നായിരുന്നു കത്തിൽ ഗവർണർ ചോദിച്ചത്. ബാറുകളും റസ്‌റ്റോറന്റുകളും വീണ്ടും തുറക്കാൻ അനുമതി നൽകിയ മഹാരാഷ്‌ട്ര സർക്കാർ ആരാധനലായങ്ങൾ തുറക്കാൻ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും കോഷ്യാരി വിമർശിച്ചിരുന്നു.
Also Read: വിദ്വേഷം തുപ്പുന്ന മാദ്ധ്യമങ്ങൾ കണക്കുപറയേണ്ട സമയമായി; ടൈംസ് നൗവിനെതിരെ പ്രശാന്ത് ഭൂഷൺ
എന്നാൽ ഇതിന് ശക്‌തമായ ഭാഷയിൽ തന്നെ ഉദ്ധവ് താക്കറെ മറുപടി നൽകിയിരുന്നു. “എന്റെ ഹിന്ദുത്വത്തിന് എനിക്ക് നിങ്ങളിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്റെ ഹിന്ദുത്വ ആശയം ഒരിക്കലും മുംബൈയെ പാക് അധീന കശ്‌മീർ എന്നുവിളിക്കുന്ന വ്യക്‌തിയെ സ്വാഗതം ചെയ്യുന്നതല്ല. ആരാധനാലയങ്ങൾ തുറക്കുന്നത് ഹിന്ദുത്വവും അവ തുറക്കാതിരിക്കുന്നത് മതേതരത്വവും ആണെന്നാണോ നിങ്ങൾ അർഥമാക്കുന്നത്? മതേതരത്വം എന്ന അടിത്തറയിൽ നിന്നാണ് നിങ്ങൾ ഗവർണറായി സത്യപ്രതിജ്‌ഞ ചെയ്‌തത്. അതിൽ നിങ്ങൾ വിശ്വസിക്കുന്നില്ലേ?”- ഉദ്ധവ് ചോദിച്ചിരുന്നു.







































