മലപ്പുറം: പിവി അൻവർ എംഎൽഎയുടെ പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയിൽ വെച്ച് നടക്കുന്ന രാഷ്‌ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാർട്ടി പ്രഖ്യാപനം. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നാണ് പുറത്തുവരുന്ന വിവരം. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാർട്ടി കേരളത്തിൽ പ്രവർത്തിക്കുക.
പിവി അൻവർ ഇന്നലെ രാത്രിയിൽ ഡിഎംകെ നേതാവ് എംഎ സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകർ ഇന്ന് പിവി അൻവറിന്റെ പാർട്ടിയുടെ സമ്മേളന വേദിയിൽ എത്തിയേക്കും. ഒരുലക്ഷം ആളുകളെ ഇന്നത്തെ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നാണ് പിവി അൻവർ വ്യക്‌തമാക്കിയിരിക്കുന്നത്.
ഇടതു മുന്നണിയോട് ഇടഞ്ഞു കഴിഞ്ഞ ദിവസമാണ് അൻവർ പാർട്ടി പ്രഖ്യാപനം നടത്തിയത്. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്‌ട്രീയ പാർട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മൽസരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും. പരിപൂർണ മതേതര സ്വഭാവമുള്ള പാർട്ടിയായിരിക്കും രൂപീകരിക്കുകയെന്നും അൻവർ വ്യക്‌തമാക്കി.
അതേസമയം, പിവി അൻവർ പുതിയ പാർട്ടി പ്രഖ്യാപിച്ചാൽ എംഎൽഎ സ്‌ഥാനം അയോഗ്യതാ ഭീഷണിയിലാകും. എൽഡിഎഫ് സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്ന് ജയിച്ചത്. സ്വതന്ത്ര സ്‌ഥാനാർഥിയായി ജയിച്ച ഒരാൾ തുടർന്നുള്ള അഞ്ചുവർഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. മറ്റൊരു ചേരാനോ പുതിയ പാർട്ടി രൂപീകരിച്ചു അതിൽ അംഗത്വമെടുക്കാനോ മുതിർന്നാൽ അയോഗ്യതയ്‌ക്ക് കാരണമാകും.
പുതിയ പാർട്ടിയുടെ ഭാഗമായാൽ ആദ്യപടിയായി സ്‌പീക്കറുടെ നോട്ടീസ് അൻവറിനെ തേടിയെത്തും. എന്നാൽ, നിയമതടസം ഉണ്ടെങ്കിൽ രാജിവെക്കാൻ തയ്യാറാണെന്ന് അൻവർ കഴിഞ്ഞ ദിവസം തുറന്ന് സമ്മതിച്ചിരുന്നു. അതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹമെന്ന സൂചന പാർട്ടി കേന്ദ്രങ്ങൾക്കും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അൻവർ രാജിവെച്ചാൽ ചേലക്കര, പാലക്കാട് എന്നിവയ്‌ക്കൊപ്പം നിലമ്പൂരും ഉപതിരഞ്ഞെടുപ്പ് നടക്കും.
അദ്ദേഹം അവിടെ വീണ്ടും മൽസരിക്കുകയും ചെയ്യും. അതുകൂടി കണ്ടാണോ അൻവറിന്റെ നീക്കങ്ങളെന്നും സംശയിക്കുന്നവരുണ്ട്. പുതിയ പാർട്ടി രൂപീകരിച്ചാലും അതിൽ അംഗത്വം എടുക്കാതിരിക്കുകയാണ് എംഎൽഎ സ്‌ഥാനം സംരക്ഷിക്കാൻ അൻവറിന് മുന്നിലുള്ള വഴി. സ്‌പീക്കറുടെ തീരുമാനമാണ് ഇക്കാര്യത്തിൽ നിർണായകം.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്