ഇസ്‌ലാമാബാദ്: ലബനൻ ആക്രമണത്തെ ചൊല്ലി ഇസ്രയേൽ-പാക്കിസ്‌ഥാൻ നേതാക്കൾ തമ്മിൽ വാഗ്‌വാദം തുടരുന്നു. ലബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇസ്‌ലാമാബാദിൽ വെച്ച് നടക്കുമ്പോൾ, ഇസ്രയേൽ ലബനനിൽ വംശഹത്യ നടത്തുകയാണെന്ന് ആസിഫ് സാമൂഹിക മാദ്ധ്യമത്തിൽ ആരോപിച്ചു. ”ഇസ്രയേൽ നിരപരാധികളായ പൗരൻമാരെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാൻ, ഇപ്പോൾ ലബനൻ. രക്‌തചൊരിച്ചിൽ തടസമില്ലാതെ തുടരുന്നു. ഈ കാൻസർ ബാധിച്ച രാജ്യം സൃഷ്‌ടിച്ചവർ നരകത്തിൽ പോകട്ടെ”- ഖ്വാജ ആസിഫ് പറഞ്ഞു.
ഖ്വാജ ആസിഫിന്റെ വിമർശനത്തിന് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് രംഗത്തെത്തി. പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഓഫീസ് പറഞ്ഞു.
സമാധാന ശ്രമങ്ങളുടെ മധ്യസ്‌ഥരാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രസ്‌താവനയല്ല ഇതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. നേരത്തെ, ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റുവെൻ അസർ പാക്കിസ്‌ഥാനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പാക്കിസ്‌ഥാൻ ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്നും, അതിനാൽ അവരെ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ ചർച്ചകൾ നാളെ പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിലാണ് നടക്കുന്നത്. ഇസ്‌ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാ വേദി. ഹോട്ടലിലെ മുഴുവൻ താമസക്കാരെയും ഞായറാഴ്‌ച വരെ ഒഴിപ്പിച്ചു. ഹോട്ടലിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി തിരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വൈസ് പ്രസിഡണ്ട് ജെഡി. വാൻസിന്റെ നേതൃത്വത്തിലാണ് യുഎസ് സംഘം എത്തുന്നത്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി








































