പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് പിവി അൻവർ എംഎൽഎ. അൻവറിന്റെ പാർട്ടിയുടെ സ്‌ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നു.
ചേലക്കര മണ്ഡലത്തിൽ തന്റെ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്‌ഥാനാർഥി എൻകെ സുധീറിനെ പിന്തുണച്ചാൽ പാലക്കാട്ടെ സ്‌ഥാനാർഥിയെ പിൻവലിക്കാമെന് അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് നേതാക്കളുമായി ചർച്ച നടക്കുകയാണെന്നും അൻവർ അവകാശപ്പെട്ടു. അൻവറുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ ആശയവിനിമയം നടത്തി.
രണ്ട് മണ്ഡലങ്ങളിലെയും സ്‌ഥാനാർഥികളെ പിൻവലിക്കണമെന്നാണ് നേതാക്കൾ അൻവറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നരേന്ദ്രമോദിക്കും പിണറായി വിജയനും എതിരായ പോരാട്ടത്തിൽ പങ്കാളിയാകാൻ അൻവറിനോട് നേതാക്കൾ അഭ്യർഥിച്ചു. ന്യൂനപക്ഷ മേഖലയിൽ അൻവറിന് വോട്ട് ബാങ്കുള്ളതിനാൽ യുഡിഎഫ് സ്‌ഥിതിഗതികൾ വിലയിരുത്തുകയാണ്.
‘പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്‌ഥാനാർഥിയെ പിൻവലിക്കാം. പകരം ചേലക്കരയിൽ ഡിഎംകെ സ്‌ഥാനാർഥിയെ യുഡിഎഫ് പിന്തുണക്കണം. യുഡിഎഫ് നേതാക്കളുമായി ചർച്ച നടന്നു. അവരാണ് തീരുമാനിക്കേണ്ടത്. കോൺഗ്രസുകാർക്ക് ചേലക്കരയിലെ ബിജെപി സ്‌ഥാനാർഥി രമ്യ ഹരിദാസിനെ താൽപര്യമില്ല. അവരെ കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കില്ല’- അൻവർ പറഞ്ഞു.
ഇടതു മുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ ഡിഎംകെ എന്ന പേരിൽ സംഘടന രൂപീകരിച്ചത്. ആഭ്യന്തര വകുപ്പിലെ അഴിമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങൾ തുടങ്ങിയവ പരസ്യമായി ഉന്നയിച്ചതിനെ തുടർന്നാണ് അൻവറിന് ഇടതു മുന്നണിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നത്.
Most Read| ഡെൽഹിയിൽ സ്‌കൂളിന് സമീപം ബോംബ് സ്‍ഫോടനം; സ്‌ഥലത്ത് വിദഗ്‌ധ പരിശോധന